എറണാകുളം: ലോകമെങ്ങും ഡിജിറ്റലൈസേഷനിലേക്ക് നീങ്ങുമ്പോൾ ഡിജിറ്റൽ ഡെമോക്രസി എന്ന ആശയത്തിന്റെ പ്രസക്തി ഏറി വരുന്നതായി നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. കൊച്ചി ഇന്റഗ്രേറ്റ‍ഡ് സ്റ്റാർട്ടപ് കോംപ്ളക്സിൽ സംസ്ഥാനത്തെ സ്റ്റാർട്ടപ് സംരംഭകരുമായി സംസാരിക്കവേ സമൂഹത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സ്റ്റാർട്ടപ്പുകൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റാർട്ടപ്പുകൾക്ക് പരസ്പര സഹകരണത്തിന് സ്ഥിരമായ ഒരു പ്ലാറ്റ്ഫോം വേണം. വികസനത്തിന് ചുക്കാൻ പിടിക്കുന്ന സംരംഭങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം സമൂഹം ഒരുക്കണമെന്നും സ്പീക്കർ പറഞ്ഞു. വികസനം വിവാദമാക്കുന്ന പ്രവണത ഇന്ന് സമൂഹത്തിനുണ്ട്. ഇത് മാറിയില്ലങ്കിൽ അപകടമാണ്. വികസനോന്മുഖമായ കേരളത്തിനായി ഒരു സോഷ്യൽ എഞ്ചിനീയറിംഗ് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സിന്റെ കൂട്ടായ്മയായ ഫൗണ്ടേഴ്സ് കളക്ടീവാണ് കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് പരിപാടി സംഘടിപ്പിച്ചത്. ഫൗണ്ടേഴ്സ് കളക്ടീവിന്റെ – ഡയലോഗ് വിത്ത് സ്റ്റേക്ക് ഹോൾഡേഴ്സ് എന്ന സെഷനിലാണ് സ്പീക്കർ സംസാരിച്ചത്. പരിപാടിയുടെ ആദ്യ എഡിഷനാണ് കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിൽ നടന്നത്. സ്റ്റാർട്ടപ് പ്രോ‍ഡക്റ്റുകൾ പ്രോഗ്രാമിൽ പ്രദർശിപ്പിച്ചു.