കാസര്‍ഗോഡ്:  പട്ടികജാതി പട്ടിക വർഗ അതിക്രമങ്ങൾ തടയൽ നിയമം (1989), പൗരാവകാശ സംരക്ഷണ നിയമം എന്നിവ സംബന്ധിച്ച് ജില്ലാതല ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഡി.പി.സി ഹാളിൽ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി സർക്കാർ വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും ഇവയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് പ്രമോട്ടർമാർക്ക് സുപ്രധാന പങ്കുണ്ടെന്നും ഉദ്യാഗസ്ഥർ കർമ്മ നിരതരായാൽ മാത്രമേ ഗുണഫലം താഴെതട്ടിലേക്ക് എത്തുകയുള്ളൂവെന്നും കളക്ടർ പറഞ്ഞു. എസ്.സി, എസ്.ടി വിഭാഗക്കാരുടെ പരാതിയിൻമേൽ ജില്ലാ ഭരണകൂടം പരമാവധി മൂന്ന് ദിവസത്തിനുള്ളിൽ പരിഹാരം കാണാൻ ശ്രമിച്ചു വരുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് അധ്യക്ഷനായി. എസ്.എം.എസ് ഡിവൈ.എസ്.പി എം.ഡി സുനിൽ, ജില്ലാ ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ എം. മജീദ്, ഉപദേശക സമിതി അംഗങ്ങളായ കെ. ജയകുമാർ, സദാനന്ദ ഷേണി എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ഡി.സി.ആർ.ബി ഡിവൈഎസ്പി ജയ്സൺ കെ. അബ്രഹാം, വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സീനിയർ സൂപ്രണ്ട് പി.ബി ബഷീർ, പട്ടികജാതി പട്ടികവർഗ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ. ദിനേശ് കുമാർ, കാസർകോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ടി.വി ശരത് എന്നിവർ ക്ലാസെടുത്തു. ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്. മീനാറാണി സ്വാഗതവും അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ എം.അജികുമാർ നന്ദിയും പറഞ്ഞു.