കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകര്‍ക്കായി ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാലയില്‍ കമ്മിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പത്ര, ദൃശ്യ, ശ്രാവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം, പെയ്ഡ് ന്യൂസ് എന്നിവ സംബന്ധിച്ച് വിശദീകരിച്ചു.

വ്യക്തികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേരെയുള്ള അപകീര്‍ത്തി പരാമര്‍ശങ്ങള്‍, കലാപത്തിന് കളമൊരുക്കുന്ന റിപ്പോര്‍ട്ടുകള്‍, ജാതിയും മതവും സംബന്ധിച്ച അധിക്ഷേപം, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അയല്‍ രാജ്യങ്ങളുമായുള്ള സൗഹൃദത്തിനും കോട്ടം തട്ടുന്ന റിപ്പോര്‍ട്ടുകള്‍, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ പാടില്ലെന്ന് കളക്ടര്‍ പറഞ്ഞു.

പത്ര,ദൃശ്യ ശ്രാവ്യ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റി നിരീക്ഷിക്കുമെന്ന് അറിയിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, വിവിധ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.