എറണാകുളം: സഹോദരൻ അയ്യപ്പൻ റോഡിൽ എളംകുളം ഭാഗത്തെ അപകട സാധ്യതാ മേഖലയിൽ അടിയന്തര ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശം നൽകി. പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗത്തിൽ അപകട സാധ്യതാ മേഖലയിൽ സ്പീഡ് ഡിറ്റക്ഷൻ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു.
കൊച്ചി നഗരസഭയുടെ അനുമതി ലഭ്യമായതിനെത്തുടർന്ന് മോട്ടോർ വാഹന വകുപ്പാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. പ്രദേശത്ത് വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനായി അടിയന്തരമായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാൻ ജില്ലാ കളക്ടർ നഗരസഭക്ക് നിർദേശം നൽകി. കൊച്ചി മെട്രോ ഇവിടെ ട്രാഫിക് ബ്ലിങ്കറുകൾ സ്ഥാപിക്കും.
റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നതടക്കമുള്ള സാധ്യമായ നടപടികൾ ഒരാഴ്ചയ്ക്കകം സ്വീകരിക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കളക്ട്രേറ്റിൽ ചേർന്ന അടിയന്തര യോഗത്തിൽ സിറ്റി ട്രാഫിക് അസി. കമ്മീഷ്ണർമാർ, ട്രാൻസ്പോർട്ട് ഓഫീസർ, നഗരസഭാ ഉദ്യോഗസ്ഥർ, കൊച്ചി മെട്രോ അധികൃതർ എന്നിവർ പങ്കെടുത്തു.