തിരുവനന്തപുരം: ജില്ലയില്‍ നാലില്‍ കൂടുതല്‍ പോളിങ് ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ കൂടുതല്‍ പോലീസിനെ വിനിയോഗിച്ച് സുരക്ഷ ശക്തമാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോലീസ് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
ജില്ലയിലെ എല്ലാ ഓക്‌സിലറി ബൂത്തുകളിലും പോലീസിന്റെ സേവനം ഉറപ്പാക്കും. സിറ്റി, റൂറല്‍ പ്രദേശങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തും. ആവശ്യമെങ്കില്‍ ഗ്രൂപ്പ് പട്രോളിങ്ങും നടത്തും. തെരഞ്ഞെടുപ്പിനു മുന്നോടിയായി നിലവില്‍ പോലീസ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിവരിച്ചു.
ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റൂറല്‍ പോലീസ് മേധാവി പി.കെ മധു, ഡി.സി.പി പി.എ മുഹമ്മദ് ആരിഫ്, എ.എസ്.പി സേവ്യര്‍ സെബാസ്റ്റ്യന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.