തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവർക്കായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയിരിക്കുന്ന പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ ഈ മാസം 17 വരെ സ്വീകരിക്കും. 80 വയസിനു മുകളിൽ പ്രായമുള്ളവർ, കോവിഡ് പോസിറ്റീവായും ക്വാറന്റൈനിലും കഴിയുന്നവർ, വികലാംഗരായ വോട്ടർമാർ എന്നിവർക്കും തെരഞ്ഞെടുപ്പ് കമ്മിഷൻ അവശ്യ സർവീസായി പ്രഖ്യാപിച്ചിട്ടുള്ള 16 വകുപ്പുകളിലെ ജീവനക്കാർക്കുമാണു പോസ്റ്റൽ വോട്ട് അനുവദിക്കുന്നത്. ഇതിൽ അവശ്യ സർവീസ് വിഭാഗത്തിൽപ്പെടാത്ത മറ്റു മൂന്നു വിഭാഗക്കാരുടെ പോസ്റ്റൽ വോട്ടിനുള്ള അപേക്ഷ ബൂത്ത് ലെവൽ ഓഫിസർമാർ മുഖേന വീടുകളിൽ നേരിട്ട് എത്തിക്കും.
പോസ്റ്റൽ വോട്ടിന് ആഗ്രഹിക്കുന്ന മുഴുവൻ പേരും 12ഡി ഫോമിൽ മാർച്ച് 17നു മുൻപ് അപേക്ഷ നൽകിയിരിക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. 80 വയസിനു മുകളിൽ പ്രായമുള്ളവർ, കോവിഡ് പോസിറ്റീവായും ക്വാറന്റൈനിലും കഴിയുന്നവർ, വികലാംഗരായ വോട്ടർമാർ എന്നിവർ ബൂത്ത് ലെവൽ ഓഫിസർമാരിൽനിന്നു ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് അദ്ദേഹത്തിന്റെ പക്കൽ തന്നെ തിരികെ ഏൽപ്പിക്കണം. ഇതിനു കൈപ്പറ്റ് രസീത് അപേക്ഷകനു നൽകും. കോവിഡ് പോസിറ്റിവായും ക്വാറന്റൈനിലും കഴിയുന്നവരും വികലാംഗരായ വോട്ടർമാരും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സാക്ഷ്യപത്രംകൂടി അപേക്ഷയ്ക്കൊപ്പം നൽകണം. 80 വയസിനു മുകളിലുള്ളവർക്ക് സാക്ഷ്യപത്രം വേണ്ട.
പോസ്റ്റൽ ബാലറ്റ് അപേക്ഷകൾ ബൂത്ത് ലെവൽ ഓഫിസർമാർ അതതു മണ്ഡലങ്ങളിലേക്കു പ്രത്യേകം നിയോഗിച്ചിട്ടുള്ള അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർക്കു കൈമാറും. അവർ അപേക്ഷ പരിശോധിച്ച് അർഹരായ വോട്ടർമാർക്ക് പോളിങ് ഉദ്യോഗസ്ഥർ മുഖാന്തരം വോട്ടറുടെ വീട്ടിൽ ബാലറ്റ് പേപ്പറും അനുബന്ധ സാമഗ്രികളും എത്തിക്കും. വോട്ടറുടെ വീട്, സന്ദർശിക്കുന്ന തീയതി, സമയം എന്നിവ വോട്ടർമാരെയും ബന്ധപ്പെട്ട സ്ഥാനാർഥികളേയും സ്ഥാനാർഥികളുടെ ഏജന്റുമാരെയും മുൻകൂട്ടി അറിയിക്കും. പോസ്റ്റൽ വോട്ടിങ് പ്രക്രിയ നിരീക്ഷിക്കുന്നതിന് സ്ഥാനാർഥിക്ക് ബൂത്ത് ലെവൽ ഏജന്റിനെ നിയോഗിക്കാമെന്നും കളക്ടർ പറഞ്ഞു.
രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു വിഡിയോഗ്രാഫർ എന്നിവരടങ്ങുന്നതാകും പോസ്റ്റൽ വോട്ടിങ്ങിനുള്ള ടീം. ഇവർ സമ്മതിദായകന്റെ വീട്ടിലെത്തി തിരിച്ചറിയൽ രേഖ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം പോസ്റ്റൽ വോട്ട് ചെയ്യുന്നതിനുള്ള ബാലറ്റ് പേപ്പർ, കവറുകൾ, പേന, പശ എന്നിവ കൈമാറും. സമ്മതിദായകൻ രഹസ്യ സ്വഭാവം പാലിച്ച് വോട്ട് രേഖപ്പെടുത്തി ബാലറ്റ് പേപ്പർ കവറിനുള്ളിലാക്കി ഒട്ടിച്ച ശേഷം അപ്പോൾത്തന്നെ അതു പോളിങ് ടീമിനെ തിരികെ ഏൽപ്പിക്കണം. മുഴുവൻ പ്രക്രിയയും വിഡിയോയിൽ ചിത്രീകരിക്കും. എന്നാൽ പോളിങ് ടീമിനെയും സ്ഥാനാർഥികളുടെ ഏജന്റിനെയും വോട്ടറുടെ വീടിനുള്ളിൽ പ്രവേശിക്കാനോ വോട്ട് രേഖപ്പെടുത്തുന്നതു ചിത്രീകരിക്കാനോ അനുവദിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി.
വോട്ടറിൽനിന്നു കൈപ്പറ്റുന്ന ബാലറ്റ് പേപ്പറുകൾ അടങ്ങുന്ന ഒട്ടിച്ച കവർ പോളിങ് ടീം അന്നുതന്നെ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർക്കു കൈമാറുകയും റിട്ടേണിങ് ഓഫിസറുടെ ഓഫിസിൽ ഇതിനായി പ്രത്യേകം സജ്ജീകരിക്കുന്ന സ്ട്രോങ് റൂമിൽ സൂക്ഷിക്കുകയും ചെയ്യും. ഓരോ ദിവസവും വോട്ട് രേഖപ്പെടുത്തി ലഭിക്കുന്ന കവറുകളുടെ എണ്ണം അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ ജില്ലാ കളക്ടറെ അറിയിക്കുകയും ജില്ലാ കളക്ടർ ഈ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറുകയും ചെയ്യും.