** വനിതകള്‍ക്കായി ‘കൂടെ’ പദ്ധതിയുമായി ജില്ലാ ഭരണകൂടം
** വനിതാ സെല്‍ പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം: വനിതാ ദിനത്തില്‍ സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍ക്കായി ‘കൂടെ’ പദ്ധതിയുമായി ജില്ലാ ഭരണകൂടം. തിരുവനന്തപുരം കളക്ടറേറ്റ് കൂടുതല്‍ സ്ത്രീ സൗഹൃദമാക്കുന്നതിനുള്ള ആശയങ്ങള്‍ പങ്കുവയ്ക്കുക, വനിതാ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക, അവര്‍ക്കു നിയമസഹായം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആരഭിക്കുന്ന പദ്ധതി ‘ട്രിവാന്‍ഡ്രം എഹെഡ്’ എന്ന ഉദ്യമത്തിനു കീഴിലാണു വിഭാവനംചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള വനിതാ സെല്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തനം തുടങ്ങി.
സിവില്‍ സ്റ്റേഷനിലെ എല്ലാ വനിതാ ജീവനക്കാര്‍ക്കും തങ്ങളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും പങ്കുവയ്ക്കാനുള്ള വേദിയായി ‘കൂടെ’ മാറുമെന്നു പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. എല്ലാ വനിതാ ജീവനക്കാരും പരസ്പരം താങ്ങും തണലുമാകണമെന്നും കളക്ടര്‍ പറഞ്ഞു. സ്ത്രീകള്‍ ഒറ്റക്കെട്ടായി നിന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നു ചടങ്ങില്‍ പങ്കെടുത്ത സബ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി പറഞ്ഞു.
ജില്ലാ കളക്ടര്‍ ചെയര്‍പേഴ്സണായും സബ് കളക്ടര്‍ വൈസ് ചെയര്‍പേഴ്സണായും കളക്ടറേറ്റിലെ മുതിര്‍ന്ന വനിതാ ഡെപ്യൂട്ടി കളക്ടര്‍, വനിതാ കൗണ്‍സിലര്‍, ഒരു അഭിഭാഷക എന്നിവര്‍ അംഗങ്ങളായുമാണു വനിതാ സെല്‍ രൂപീകരിച്ചിട്ടുള്ളത്. ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, സൈക്കോളജിസ്റ്റ് പ്രിയ മണി, അഡ്വ. ശ്രീജ ശശിധരന്‍ എന്നിവരാണ് ഇപ്പോഴത്തെ സമിതിയിലെ അംഗങ്ങള്‍. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ച വനിതാ സെല്ലിന്റെ സേവനം ലഭിക്കും. ഈ സെല്‍ വഴി വനിത ജീവനക്കാര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ പങ്കുവയ്ക്കാം. സൗജന്യ കൗണ്‍സലിങ്, നിയമ സഹായം എന്നിവയും ലഭിക്കും.
വനിതാ ജീവനക്കാരുടെ മാനസിക ക്ഷേമത്തിനു കലാ-കായിക പരിപാടികള്‍, യോഗ പരിശീലനം, മോട്ടിവേഷന്‍ സെഷനുകള്‍, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍, ആരോഗ്യകരമായ ജീവിത ശൈലിയുടെ ആവശ്യകത തുടങ്ങി വിവിധ വിഷയങ്ങളെക്കുറച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍, സൗജന്യ മെഡിക്കല്‍ പരിശോധന എന്നിവയും വനിത സെല്ലിന്റെ ഭാഗമായി ഉണ്ടാകും.