ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് വഴി പ്രചാരണം നടത്തുന്നതിനായി മുന്‍കൂര്‍ അനുമതി വാങ്ങണം. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മൈക്ക്, ഉച്ചഭാഷിണി വഴിയുള്ള പ്രചാരണങ്ങള്‍ക്ക് അനുമതി നല്‍കുക.
സ്ഥാനാര്‍ത്ഥികള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ ആപ്പ് വഴി മൈക്ക്, ഉച്ചഭാഷണി തുടങ്ങിയവ ഉപയോഗിച്ചുള്ള പ്രചാരണ അനുമതിക്കായി അപേക്ഷിക്കാം.

ആപ്പില്‍ അതത് നിയോജക മണ്ഡലങ്ങളുടെയും, പോലീസ് സ്റ്റേഷനുകളുടെയും പേരുകള്‍ രേഖപ്പെടുത്താനുള്ള സ്ഥലം നല്‍കിയിട്ടുണ്ട്. ഓരോ നിയോജക മണ്ഡലങ്ങളിലെയും ബന്ധപ്പെട്ട വരണാധികാരികള്‍ അപേക്ഷ പരിഗണിച്ചു അതാത് നിയോജക മണ്ഡല പരിധിയിലെ പോലീസ് സ്റ്റേഷനിലേക്ക് അപേക്ഷകള്‍ അയക്കും. അപേക്ഷകള്‍ ബന്ധപ്പെട്ട പോലീസ് മേധാവികള്‍ പരിശോധിച്ച് നിശ്ചിത സ്ഥലങ്ങള്‍ കണ്ടെത്തി വരണാധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാകും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൈക്ക് ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണത്തിന് അനുമതി നല്‍കുക.

അടച്ചു കെട്ടിയുള്ള ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് മുറികള്‍, കമ്മ്യൂണിറ്റി ഹാള്‍, സദ്യാലയങ്ങള്‍ എന്നിവ ഒഴികെ മറ്റൊരിടത്തും രാത്രി 10 മണിക്ക് ശേഷവും രാവിലെ ആറുമണിക്ക് മുന്‍പും ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.ആശുപത്രികള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, പൊതു ഓഫീസുകള്‍, വന്യജീവി സങ്കേതം, സിനിമ തീയറ്റര്‍ എന്നിവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ ഉച്ച ഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.

ജന സഞ്ചാരമുള്ള പൊതുനിരത്തുകളില്‍ ഗതാഗതത്തിന് അസൗകര്യമുണ്ടാക്കുന്ന രീതിയിലും പൊതുജനത്തിന് അരോചകമാകും വിധത്തിലും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുത്. ബോക്‌സ് ആകൃതിയിലുള്ള ഉച്ചഭാഷിണി മാത്രമേ പ്രവര്‍ത്തിപ്പിക്കുവൂ. ഒരു ബോക്‌സില്‍ രണ്ടില്‍ കൂടുതല്‍ ഉച്ചഭാഷിണികള്‍ ഘടിപ്പിക്കരുത്. അനുവദിച്ചിരിക്കുന്ന ഉച്ചഭാഷിണികള്‍ ആ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രം കേള്‍ക്കുന്ന വിധം ക്രമീകരിക്കണം. വ്യവസായ മേഖലകളില്‍ പകല്‍ 75 ഡെസിബല്‍, രാത്രി 70 ഡെസിബല്‍, വാണിജ്യ മേഖലകളില്‍ പകല്‍ 35 ഡെസിബല്‍, രാത്രി 33 ഡെസിബല്‍, ആവാസ മേഖലകളില്‍ പകല്‍ 55 ഡെസിബല്‍, രാത്രി 45 ഡെസിബല്‍ എന്ന തോതില്‍ മാത്രമേ ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുവൂ.

അനുമതിയുടെ അടിസ്ഥാനത്തിലുള്ള ഉച്ചഭാഷിണിയുടെ ഉപയോഗം ക്രമസമാധാന ലംഘനം, ശബ്ദമലിനീകരണം, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്ന സാഹചര്യത്തില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിന് നല്‍കിയിട്ടുള്ള ലൈസന്‍സ് പിന്‍വലിക്കുകയും, മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കോവിഡ് മാനദണ്ഡപ്രകാരമേ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടുള്ളൂ.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതുയോഗങ്ങള്‍ നടത്താന്‍ മൈതാനങ്ങള്‍ക്ക് അനുമതി

നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി 80 ഓളം മൈതാനങ്ങള്‍ പൊതുയോഗങ്ങള്‍ നടത്തുന്നതിനായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കുന്ന വേദികളില്‍ മാത്രമേ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതുയോഗങ്ങള്‍ നടത്തുന്നതിന് അനുമതിയുള്ളൂ. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം.

ജില്ലയിലെ ഒന്‍പത് നിയമസഭ മണ്ഡലങ്ങളിലായാണ് 80 ഓളം പൊതു – സ്വകാര്യ ഭൂമികള്‍ കണ്ടെത്തിയിട്ടുണ്ട്. പൊതു സ്ഥലങ്ങള്‍ അനുവദിച്ചു നല്‍കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ ആപ്പിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം. നിയോജക മണ്ഡലം, പോലീസ് സ്റ്റേഷന്‍ പരിധി എന്നിവ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വന്തമായി തിരഞ്ഞെടുക്കാനുള്ള സംവിധാനം ആപ്പിലുണ്ട്. ഓരോ നിയോജക മണ്ഡലത്തിലേയും ബന്ധപ്പെട്ട വരണാധികാരികള്‍ അപേക്ഷ പരിഗണിച്ചു അതത് നിയോജക മണ്ഡല പരിധിയിലെ പോലീസ് സ്റ്റേഷനിലേക്ക് നല്‍കും.

അപേക്ഷകള്‍ ബന്ധപ്പെട്ട പോലീസ് മേധാവികള്‍ പരിശോധിച്ച് നിശ്ചിത സ്ഥലങ്ങള്‍ കണ്ടെത്തി വരണാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ട് പ്രകാരമാണ് സ്ഥലം അനുവദിക്കുന്നത്. 50 പേരെ പങ്കെടുപ്പിക്കാവുന്ന സ്ഥലം, 50 മുതല്‍ 100 വരെ ആളുകളെ പങ്കെടുപ്പിക്കാവുന്ന സ്ഥലം, 100 മുതല്‍ 200 വരെ ആളുകളെ പങ്കെടുപ്പിക്കാവുന്ന സ്ഥലം, 200 ന് മുകളില്‍ ആളുകളെ പങ്കെടുപ്പിക്കാവുന്ന സ്ഥലം, 1500 ന് മുകളില്‍ ആളുകളെ പങ്കെടുപ്പിക്കാവുന്ന സ്ഥലം എന്നിങ്ങനെയാണ് സ്ഥലങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

നിയോജക മണ്ഡല അടിസ്ഥാനത്തില്‍ സ്ഥലങ്ങളുടെ വിവരങ്ങള്‍, പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം

1. അരൂര്‍ നിയോജക മണ്ഡലം

വടുതല ഗ്രാമ പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയം ( 100 മുതല്‍ 200 പേര്‍ വരെ), സെന്റ്. റാഫേല്‍ സ്‌കൂള്‍ ഗ്രൗണ്ട്, എഴുപുന്ന (200 പേര്‍ക്ക് മുകളില്‍ ), സെന്റ്. അഗസ്റ്റിന്‍ സ്‌കൂള്‍ ഗ്രൗണ്ട് ( 200 പേര്‍ക്ക്് മുകളില്‍ ), ഇ. സി. ഇ. കെ. യൂണിയന്‍ ഗ്രൗണ്ട്, ചെമ്മനാട് ( 1500 പേര്‍ക്ക് മുകളില്‍ )

2. ചേര്‍ത്തല നിയോജക മണ്ഡലം

പൊന്നാട് എല്‍. പി. സ്‌കൂള്‍ ( 50 പേര്‍ മാത്രം ), ഒറ്റമശ്ശേരി ബീച്ച് ( 50 മുതല്‍ 100 പേര്‍ വരെ), ഒറ്റപ്പുന്ന ഗ്രൗണ്ട് പള്ളിപ്പുറം (50 മുതല്‍ 100 പേര്‍ വരെ), അരീപ്പറമ്പ് സ്‌കൂള്‍ ഗ്രൗണ്ട് കണിച്ചുകുളങ്ങര ( 50 മുതല്‍ 100 പേര്‍ വരെ), എസ്. എന്‍. കോളേജ് ഗ്രൗണ്ട് ( 100 മുതല്‍ 200 പേര്‍ വരെ), അന്ധകാരനഴി ബീച്ച് ( 200 പേര്‍ക്ക് മുകളില്‍ ), തിരുനെല്ലൂര്‍ സ്‌കൂള്‍ ഗ്രൗണ്ട്( 200 പേര്‍ക്ക് മുകളില്‍ ), പള്ളിപ്പുറം എന്‍. എസ്. എസ്. കോളേജ് ഗ്രൗണ്ട് ( 200 പേര്‍ക്ക് മുകളില്‍ ), സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ട് ( 200 ന് മുകളില്‍ ), അര്‍ത്തുങ്കല്‍ ബീച്ച് ( 200 പേര്‍ക്ക് മുകളില്‍ ), കണിച്ചുകുളങ്ങര സ്‌കൂള്‍ ഗ്രൗണ്ട് ( 200 പേര്‍ക്ക് മുകളില്‍ ), എസ്. എന്‍. കോളേജ് ചേര്‍ത്തല ( 1500 പേര്‍ക്ക്് മുകളില്‍ )

3.ആലപ്പുഴ നിയോജക മണ്ഡലം

ജോസ് ആലുക്കാസ് ഗ്രൗണ്ട് ( 50 മുതല്‍ 100 വരെ), സ്വകാര്യ ഭൂമി കൊമ്മാടി (100 മുതല്‍ 200 വരെ), ടൗണ്‍ സ്‌ക്വയര്‍ ( 100 മുതല്‍ 200 വരെ ), എസ്. ഡി. വി. സ്‌കൂള്‍ ഗ്രൗണ്ട് ( 200 ന് മുകളില്‍ ), കൊറ്റംകുളങ്ങര സ്‌കൂള്‍ ഗ്രൗണ്ട് (200ന് മുകളില്‍), തുമ്പോളി സ്‌കൂള്‍ ഗ്രൗണ്ട് ( 200 ന് മുകളില്‍ )

4. അമ്പലപ്പുഴ നിയോജക മണ്ഡലം

കാര്‍മല്‍ പോളിടെക്‌നിക് ഗ്രൗണ്ട് ( 200 ന് മുകളില്‍ ), ഇ. എം. എസ്. സ്റ്റേഡിയം (1500 ന് മുകളില്‍ ), ആലപ്പുഴ ബീച്ച് ( 1500 ന് മുകളില്‍ ),

5.കുട്ടനാട് നിയോജക മണ്ഡലം

ഗവ. യു.പി.എസ്. ഗ്രൗണ്ട് വേഴപ്ര ( 50 മുതല്‍ 100 വരെ ), സ്വകാര്യ ഭൂമി – പാറശ്ശേരി പാലത്തിനു സമീപം ( 50 മുതല്‍ 100 വരെ), എ.കെ.ജി. പഞ്ചായത്ത് പ്ലേഗ്രൗണ്ട് ( 100 മുതല്‍ 200 വരെ), സെന്‍ സേവിയേഴ്‌സ് സ്‌കൂള്‍ മിത്രക്കരി ( 100 മുതല്‍ 200 വരെ), എന്‍.എസ്.എസ്. എച്ച്.എസ്. സ്‌കൂള്‍ രാമങ്കരി ( 100 മുതല്‍ 200 വരെ), മറപ്പാടാന്‍ പ്ലോട്ട് – പൂപ്പള്ളി ( 100 മുതല്‍ 200 വരെ), സെന്റ് ജോര്‍ജ് എച്ച്. എസ്. ഗ്രൗണ്ട് മുട്ടാര്‍ ( 200 ന് മുകളില്‍ ), ഗവണ്‍മെന്റ് എച്ച്.എസ്. കിടങ്ങറ (200ന് മുകളില്‍)

6. ഹരിപ്പാട് നിയോജകമണ്ഡലം

അരവിന്ദ് വര്‍ക്ക്ഷോപ്പ് ഗ്രൗണ്ട്, നാരകത്തറ ( 50 പേര്‍ ), എസ്. എന്‍. കോളേജ്, മഹാദേവിക്കാട് (50 പേര്‍ ), നാരകത്തറ സിപിഐ (എം ) ഓഫീസിനു സമീപമുള്ള സ്ഥലം ( 100 മുതല്‍ 200), സെന്റ്. മേരിസ് സ്‌കൂള്‍ ഗ്രൗണ്ട്, വീയപുരം ( 100 മുതല്‍ 200 വരെ), ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഹരിപ്പാട് ( 1500 ന് മുകളില്‍ )

7. കായംകുളം നിയോജക മണ്ഡലം

പാര്‍ക് ജംഗ്ഷന്‍ ഗ്രൗണ്ട് ( 50 പേര്‍ ), മൈനര്‍ പത്തിയൂര്‍ ക്ഷേത്രം ( 50 പേര്‍ മാത്രം ), ഗവണ്‍മെന്റ് ബോയ്‌സ് ഹൈ സ്‌കൂള്‍ ഗ്രൗണ്ട് ( 50 നും 100 നും ), സ്വകാര്യ ഭൂമി – മഞ്ചാടിമുക്ക് കിഴക്കുഭാഗം ( 50 നും 100 നും ഇടയില്‍
), സ്വകാര്യ ഭൂമി – പുള്ളികുളങ്ങര – (50 നും 100 നും ഇടയില്‍) അമ്പിളി തിയേറ്റര്‍ ഗ്രൗണ്ട്, കരിയിലകുളങ്ങര ജംഗ്ഷന്‍ – (100 നും 200 നും ഇടയില്‍), സ്വകാര്യഭൂമി വേലന്‍ചിറ – (100 നും 200 നും ഇടയില്‍ ), കട്ടച്ചിറ സ്‌കൂള്‍ ഗ്രൗണ്ട് ( 100 മുതല്‍ 200 വരെ ), ജനശക്തി സ്‌കൂള്‍ ഗ്രൗണ്ട് ( 200 ന് മുകളില്‍ ), ശ്രീനാരായണ ഇന്റര്‍നാഷണല്‍ ( 200 ന് മുകളില്‍ ), പോപ്പ് പയസ് സ്‌കൂള്‍ ഗ്രൗണ്ട് ( 200 ന് മുകളില്‍ ), കുര്യാത്താടി സ്‌കൂള്‍ ഗ്രൗണ്ട് ( 200 ന് മുകളില്‍ ), പട്ടാണിപ്പറമ്പ് ഗ്രൗണ്ട് (200 ന് മുകളില്‍ ), ഗോകുലം ഗ്രൗണ്ട് കായംകുളം- (1500 ന് മുകളില്‍ )

8. മാവേലിക്കര നിയോജക മണ്ഡലം

സാംസ്‌കാരിക നിലയം ( 50 പേര്‍ ), തെക്കേക്കര പഞ്ചായത്ത് ( 50 പേര്‍ ), എ. വി. സംസ്‌കൃത സ്‌കൂള്‍ ഗ്രൗണ്ട് ( 50 മുതല്‍ 100 വരെ), ചെട്ടികുളങ്ങര ഹൈ സ്‌കൂള്‍ ഗ്രൗണ്ട് ( 50 മുതല്‍ 100 വരെ), നെടിയാനിക്കല്‍ ഗ്രൗണ്ട് ( 50 മുതല്‍ 100 വരെ), മങ്കംകുഴി ഓഡിറ്റോറിയം ( 100 മുതല്‍ 200 വരെ ), പഞ്ചായത്ത് ഗ്രൗണ്ട്, മങ്കംകുഴി ( 100 മുതല്‍ 200 വരെ ), അമൃത സ്‌കൂള്‍ ഗ്രൗണ്ട് ( 200 ന് മുകളില്‍ ), മമ്മൂദ് ഗ്രൗണ്ട് -( 200 ന് മുകളില്‍ ), മാര്‍ ഇവാനിയസ് കോളേജ് ഗ്രൗണ്ട് ( 200 ന് മുകളില്‍ ), കുര്യത്താടി സ്‌കൂള്‍ ഗ്രൗണ്ട് ( 200 ന് മുകളില്‍), കോടിക്കല്‍ ഗാര്‍ഡന്‍സ് ( സ്വകാര്യ ഭൂമി- 1500 ന് മുകളില്‍ )

9. ചെങ്ങന്നൂര്‍ മണ്ഡലം

പുലിയൂര്‍ പഞ്ചായത്ത് ഗ്രൗണ്ട് ( 50 മുതല്‍ 100 വരെ ), ജെ.ബി.എസ്. ചെറിയനാട് ( 100 മുതല്‍ 200 വരെ ), ബിസിനസ് ഇന്ത്യ ഗ്രൗണ്ട് ( 200 ന് മുകളില്‍ ), ബിസിനസ് ഇന്ത്യ ഗ്രൗണ്ട് ചെങ്ങന്നൂര്‍ ( 1500 ന് മുകളില്‍ )