സ്ഥലപരിമിതിയുള്ളവര്‍ക്ക് ഗാര്‍ഹിക മാലിന്യങ്ങള്‍ ചെലവ് കുറഞ്ഞ രീതിയിലൂടെ സംസ്‌ക്കരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ശുചിത്വമിഷന്‍ സ്റ്റാള്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ജനകീയം 2018 പ്രദര്‍ശന വിപണന മേളയിലാണ് പ്രധാന ഗാര്‍ഹിക ജൈവ മാലിന്യ സംസ്‌ക്കരണ ഉപാധികളും അവയുടെ മോഡലുകളുമായി ശുചിത്വമിഷനും ഹരിത കേരളം മിഷനും കൈകോര്‍ക്കുന്നത്. ജൈവ സംസ്‌ക്കരണ ഭരണി, കിച്ചണ്‍ ബിന്‍ കമ്പോസ്റ്റിങ്ങ്, റിങ്് കമ്പോസ്റ്റിങ്ങ് എന്നിവയാണ് ചെലവു കുറഞ്ഞ പ്രധാന ജൈവ മാലിന്യ സംസ്‌ക്കരണ ഉപാധികള്‍.
ജൈവ സംസ്‌ക്കരണത്തിനുതകും വിധം പ്രത്യേകം രൂപകല്‍പന ചെയ്ത കളിമണ്‍ ഭരണികള്‍ തട്ടുകളായി അടുക്കി വച്ചിട്ടുള്ളതാണ് ജൈവ സംസ്‌ക്കരണ ഭരണി. മുകളില്‍ വച്ചിട്ടുള്ള രണ്ട് ഭരണികളുടേയും മുകള്‍ഭാഗവും അടിഭാഗവും തുറന്നതായിരിക്കും. താഴെ തട്ടിലുള്ള ഭരണിയുടെ മുകള്‍ ഭാഗം മാത്രം തുറന്നതായിരിക്കും. അടുക്കള അവശിഷ്ടങ്ങള്‍, പച്ചിലകള്‍, തോട്ടപ്പുല്ല് തുടങ്ങിയ  2 കിലോഗ്രാം ജൈവ വസ്തുക്കള്‍  ദിവസം തോറും സംസ്‌ക്കരിക്കുന്നതിനുള്ള ശേഷിയാണ് ഒരു യൂണിറ്റിനുള്ളത്.
ഒരു ബക്കറ്റില്‍ പ്ലാസ്റ്റിക്ക് ചാക്ക് ഇറക്കിവച്ച് ലളിതമായി നടത്താവുന്ന കമ്പോസ്റ്റിങ്ങ് രീതിയാണ് കിച്ചണ്‍ ബിന്‍ കമ്പോസ്റ്റിക്. ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗമാണിത്. ഫെറോസിമന്റ് സ്ലാബും ഫെറോസിമന്റ് റിങ്ങും ഉപയോഗിച്ച് ലളിതമായി ചെയ്യുന്ന കമ്പോസ്റ്റിങ് രീതിയാണ് റിങ് കമ്പോസ്റ്റിങ്ങ്. മാലിന്യം പൊതു സ്ഥലങ്ങളിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയുന്നതും കത്തിക്കുന്നതും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
പകര്‍ച്ചവ്യാധികള്‍ പെരുകുന്ന ഇന്നത്തെ സാഹചര്യത്തില്‍ ശരിയായ മാലിന്യ പരിപാലനം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ എല്ലാ പൗരന്‍മാരിലും ഉറവിട മാലിന്യ പരിപാലന സംസ്‌കാരം വളര്‍ത്തുക, എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട ജൈവമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ശുചിത്വമിഷന്‍ വിവിധ ജൈവ മാലിന്യ സംസ്‌ക്കരന്ന ഉപാധികള്‍ മുന്നോട്ടുേവയ്ക്കുന്നത്. 500 മുതല്‍ 1500 രൂപ വരെയാണ് ഇത്തരം മാലിന്യ സംസ്‌ക്കരണ മാര്‍ഗങ്ങള്‍ക്ക് ചെലവ് വരുന്നത്.