തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ദിനം ജില്ലയിൽ രണ്ടു നാമനിർദേശ പത്രികകൾ. വട്ടിയൂർക്കാവ്, തിരുവനന്തപുരം നിയോജക മണ്ഡലങ്ങളിലായി ഓരോ സ്ഥാനാർഥികൾ വീതം നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നും നാളെയും (മാർച്ച് 13, 14) അവധിയായതിനാൽ ഇനി തിങ്കളാഴ്ചയായിരിക്കും നാമനിർദേശ പത്രികകൾ സ്വീകരിക്കുക.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ എസ്.യു.സി.ഐ. സ്ഥാനാർഥിയായി ഷൈജു എ.യും തിരുവനന്തപുരം മണ്ഡലത്തിൽ എസ്.യു.സി.ഐ. സ്ഥനാർഥിയായി സബൂറ എ.യുമാണ് അതതു വരണാധികാരികൾക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. കർശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് നാമനിർദേശ പത്രികകൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ റിട്ടേണിങ് ഓഫിസർമാരുടെ ഓഫിസുകളിൽ നടക്കുന്നത്.
പത്രികാ സമർപ്പണത്തിനു വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാനാർഥികളെത്താൻ സാധ്യതയുള്ളതിനാൽ എല്ലാ റിട്ടേണിങ് ഓഫിസർമാരും കർശന കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. സ്ഥാനാർഥിയുടെ കൂടെ രണ്ടു പേരെ മാത്രമേ അനുവദിക്കൂ. പത്രികാ സമർപ്പണത്തിനെത്തുന്നവർക്ക് രണ്ടു വാഹനങ്ങളിൽ കൂടുതൽ അനുവദിക്കില്ല.
സ്ഥാനാർഥിയും കൂടെ വരുന്നവരും മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം. റിട്ടേണിങ് ഓഫിസർമാരും ഉദ്യോഗസ്ഥരും മാസ്‌ക്, കൈയുറ തുടങ്ങിയവ ഉപയോഗിക്കണമെന്നും കളക്ടർ വ്യക്തമാക്കി.