തിരുവനന്തപുരം: പോളിംഗ് ബൂത്തുകളിലും പരിസര പ്രദേശങ്ങളിലും ആള്‍കൂട്ടം നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോലീസ് ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണു ഇക്കാര്യം അറിയിച്ചത്. നാലില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ള പോളിംഗ് സ്റ്റേഷനുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ഇതിനായി ബൂത്തുകളിലേക്കുള്ള പ്രവേശന കവാടങ്ങള്‍ തമ്മില്‍ കൃത്യമായ അകലം ഉറപ്പാക്കും. ഓരോ പോളിംഗ് സ്റ്റേഷനിലും ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തും. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ ബൂത്തുകളില്‍ കര്‍ശനമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസും എക്സൈസും സംയുക്തമായി നടത്തിവരുന്ന ജോയിന്റ് പട്രോളിംഗ് കൂടുതല്‍ ശക്തമാക്കാനും യോഗത്തില്‍ കലക്ടര്‍ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പിനു മുന്നോടിയായി പോലീസ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ എം. എസ്. മാധവിക്കുട്ടി, ജില്ലാ വികസന കമ്മീഷണര്‍ ഡോ. വിനയ് ഗോയല്‍, ഡി. സി.പി വൈഭവ് സക്സേന, എ.എസ്.പി സേവ്യര്‍ സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മാത്യു കുര്യന്‍, കോസ്റ്റല്‍ പോലീസ്, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.