തിരുവനന്തപുരം: പോളിംഗ് ബൂത്തുകളിലെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും മാലിന്യ സംഭരണികള്‍ സ്ഥാപിക്കും. ഹരിത തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ശുചിത്വ മിഷനും ഹരിത കേരളം മിഷനും ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഓരോ ബൂത്തിലും രണ്ട് പ്രത്യേക ( ചുവപ്പ്, മഞ്ഞ ) മാലിന്യ സംഭരണികള്‍ സ്ഥാപിക്കും. ഇതിനു പുറമെയുള്ള മാലിന്യങ്ങള്‍( ഡ്രൈ വേസ്റ്റ്, ഫുഡ് വേസ്റ്റ്) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശേഖരിക്കും. ഇങ്ങനെ സംഭരിക്കുന്ന ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ ഇമേജ് സെന്ററിലും മറ്റുള്ളവ അടുത്തുള്ള എം.സി.എഫുകളിലും എത്തിച്ച് നിര്‍മാര്‍ജനം ചെയ്യും.
കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഡി.ഹുമയൂണ്‍, ശുചിത്വ കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.ഫെയ്സി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.