തിരുവനന്തപുരം: ജില്ലയില്‍ 117 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 56 സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജോത് ഖോസ പറഞ്ഞു. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുവരെ, മൂന്നു സെഷനുകളിലായി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. ജില്ലയിലെ വൃദ്ധസദനങ്ങളില്‍ അതത്  പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മൊബൈല്‍ യൂണിറ്റുകള്‍ സജ്ജീകരിച്ച് വാക്‌സിനേഷന്‍ നടത്തിവരുന്നുണ്ട്.
ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 200 പേര്‍ക്ക് കുത്തിവയ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ 150 പേര്‍ക്കും  പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 100 പേര്‍ക്കും കുത്തിവയ്പ് നല്‍കുമെന്നും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും  അനുബന്ധരോഗങ്ങളുള്ള 45നും  59 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
45 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്റ്റീഷണര്‍ നല്‍കിയ അനെക്‌സര്‍ 1( ബി ) എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിന്‍ അപ്ലിക്കേഷനില്‍  നിന്നും  ഡൌണ്‍ലോഡ് ചെയ്തു  ഉപയോഗിക്കാം. വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി ഓണ്‍ലൈനായി മേജര്‍ ആശുപ.ത്രികള്‍ തിരഞ്ഞെടുത്തവര്‍ക്ക് സമീപത്തുള്ള മറ്റു വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും സ്‌പോട്ട്  രജിസ്‌ട്രേഷന്‍  വഴി കുത്തിവയ്പ്പ് സ്വീകരിക്കാവുന്നതാണ്. പ്രൈവറ്റ് ആശുപത്രിയില്‍ 250 രൂപ ഫീസ് നല്‍കണം.
ജില്ലയില്‍ ഇന്നലെ (16 മാര്‍ച്ച്) 16,221 പേര്‍ക്കു കോവിഡ് വാക്‌സിന്‍ നല്‍കി
ജില്ലയില്‍ ഇന്നലെ (16 മാര്‍ച്ച്) 16,221 പേര്‍ക്കു കോവിഡ് വാക്‌സിന്‍ നല്‍കി. 60 വയസിനു മുകളില്‍ പ്രായമുള്ള 12,328 പേര്‍ക്കും മറ്റു രോഗങ്ങളുള്ള 45നും 60നും ഇടയില്‍ പ്രായമുള്ള 836 പേരും ഇന്നലെ വാക്‌സിന്‍ സ്വീകരിച്ചു.
722 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഘട്ടവും 526 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഘട്ടവും വാക്‌സിന്‍ സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളായ 1,433 പേരും 376 പോളിംഗ് ഉദ്യോഗസ്ഥരും വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നിന്ന് അറിയിച്ചു.