കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുഗമവും സുതാര്യവുമായ നടത്തിപ്പിന് വിവിധങ്ങളായ ആപ്പുകളും പോര്‍ട്ടലുകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളും യോഗ്യതയും തെരഞ്ഞെടുപ്പ് പൊരുമാറ്റ ചട്ട ലംഘനം സംബന്ധിച്ച പ്രശ്നങ്ങളുമെല്ലാം വിവിധ ആപ്ലിക്കേഷനിലൂടെ പൊതു ജനങ്ങള്‍ക്ക് പരാതിപ്പെടാം.
സി വിജില്‍ ആപ്പ്
പൊതുജനങ്ങള്‍ക്കും ഫീല്‍ഡ് ഓഫീര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ഉപകാരപ്രദമായ ആപ്പാണ് സി-വിജില്‍. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ ഈ ആപ്പിലൂടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലേക്ക് ഈ വിഷയം എത്തിക്കാന്‍ സാധിക്കും. സി വിജില്‍ ആപ്പില്‍ ലഭിക്കുന്ന പരാതികള്‍ ഫീല്‍ഡ് ഓഫീസര്‍മാരായ ആന്റി ഡിഫെയ്‌സ്‌മെന്റ്, സ്റ്റാറ്റിക് ആന്റ് സര്‍വൈലന്‍സ്, ഫ്‌ളൈയിംഗ് സ്‌ക്വാഡ് എന്നിവര്‍ക്ക് ലഭിക്കുന്നു. അര മണിക്കൂറിനുള്ളില്‍ പരാതി പരിശോധിച്ച് നൂറ് മിനിറ്റിനുള്ളില്‍ തീരുമാനമെടുക്കുന്ന സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സി വിജിലിലൂടെ നല്‍കുന്നത്. ജില്ലാ കണ്‍ട്രോള്‍ സെല്ലിലൂടെ സിവിജില്‍ ആപ്പ് പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യും.
ഇ സുവിധ ആപ്പിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും പ്രചരണത്തിനായി അനുവദിച്ച ഗ്രൗണ്ടുകള്‍, വാഹന റാലികള്‍ക്കും അനൗണ്‍സ്മെന്റിനും ഉച്ചഭാഷിണി ഉപയോഗത്തിനുമുള്ള അനുമതി എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് സി വിജിലിലൂടെ മനസ്സിലാക്കാം. അനുമതി ലഭിക്കാത്ത തരത്തിലുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതിനെതിരെ പരാതിപ്പെടാനും അവസരം. ഇതോടൊപ്പം 1950 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെയും പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. സി വിജില്‍ സിറ്റിസണ്‍ ആപ്പിലൂടെ ഫോട്ടോ, വീഡിയോ, ഓഡിയോ സഹിതം പരാതിപ്പെടാം. പ്ലേസ്റ്റോറിലൂടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പൊതുജനങ്ങള്‍ ഈ സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താം.
ഇ സുവിധ പോര്‍ട്ടല്‍
വിവിധ സംവിധാനങ്ങളുടെ ഏകീകരിച്ച സംവിധാനമാണ് ഇ സുവിധ പോര്‍ട്ടല്‍. നാമനിര്‍ദ്ദേശം, അനുമതികള്‍ക്കായുള്ള അപേക്ഷകള്‍, സുവിധ എന്‍കോര്‍ എന്നിവയാണ് ഇ-സുവിധ ആപ്പിന്റെ പ്രധാന പ്രത്യേകതകള്‍. സുവിധ കാന്റിഡേറ്റ് ആപ്പിലൂടെ നോമിനേഷന് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ സ്റ്റാറ്റസുകള്‍ അറിയാന്‍ സാധിക്കും.
സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഈ ആപ്പിലൂടെയാണ് പ്രചരണത്തിന് ആവശ്യമായ മൈതാനങ്ങള്‍, റോഡ് റാലി, മൈക്ക് ഉപയോഗം, ഉച്ചഭാഷിണി ഉപയോഗം എന്നിവയ്ക്കായി അപേക്ഷ സമര്‍പ്പിക്കാനും ഈ പോട്ടലില്‍ സംവിധാനമുണ്ട്. സ്ഥാനാര്‍ത്ഥികളുടേയും പാര്‍ട്ടികളുടേയും പെര്‍മിഷന്‍ സംബന്ധിച്ച അപേക്ഷകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍, ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരികള്‍ എന്നിവര്‍ക്ക് ലോഗിന്‍ ചെയ്ത് ഉപയോഗിക്കാം. നിയോജക മണ്ഡലത്തിലെ വരണാധികാരികള്‍ പൊലീസ് വകുപ്പിന്റെ സഹായത്തോടെ 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കും. പോലീസിന് ലഭിക്കുന്ന അനിമതിക്കായുള്ള അപേക്ഷയിന്‍മേല്‍ നോഡല്‍ ആപ്പിലൂടെ അഭിപ്രായം രേഖപ്പെടുത്താം. ഇ- സുവിധയില്‍ ഒഫീഷ്യല്‍സിനായുള്ള സംവിധാനമാണ് സുവിധ എന്‍കോര്‍.
വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്ലിക്കേഷന്‍
വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്ലിക്കേഷനിലും affidavit.eci.gov.in എന്ന വെബ്സൈറ്റിലും സ്ഥാനാര്‍ത്ഥികളുടെ ആസ്തി വിവര കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം. അതോടൊപ്പം സ്ഥാനാര്‍ത്ഥികളുടെ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയ വിവരങ്ങളും ഈ ആപ്ലിക്കേഷനിലൂടെ ലഭിക്കും.
മത്ദാന്‍
പോസ്റ്റല്‍ ബാലറ്റിന്റെ ഫോം 12,12 ഡി എന്നിവയുടെ വിതരണം, ബാലറ്റ് വിവരങ്ങള്‍, സ്ഥിതിവിവര കണക്കുകള്‍, മോണിറ്ററിങ് എന്നിവയാണ് മത്ദാന്‍ ആപ്പിന്റെ പ്രത്യേകത. ഒബ്സര്‍വര്‍മാരുടേയും തെരഞ്ഞെടുപ്പ് പ്രധാന ഉദ്യോഗസ്ഥരുടേയും വിവരങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ രേഖകള്‍ എന്നിവയും മത്ദാനിലൂടെ ലഭിക്കും. ഈ ആപ്പ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.
സര്‍വ്വീസ് വോട്ടര്‍മാരുടെ പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ഇ.ടി.പി.ബി.എസ് സംവിധാനം, പോളിങ് സുഗമമാക്കാനും പോളിങ് ശതമാനം കൃത്യമായി കണക്കാക്കാനും സാധിക്കുന്ന പോള്‍ മാനേജര്‍ ആപ്പ്, ഇ.വി.എം മെഷീന്‍ ചലനങ്ങള്‍ ജി.ഐ.എസ് സംവിധാനം വഴി ട്രാക്ക് ചെയ്യുന്ന ഇ.എല്‍.ഇ ട്രെയ്സിങ് ആപ്പ് തുടങ്ങി വിവിധതരം ആപ്ലിക്കേഷനുകള്‍ സുഗമമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുണ്ട്.