കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യത്യസ്തങ്ങളായ ബോധവത്കരണ പരിപാടികളുമായി സ്വീപ്പ് പ്രവര്‍ത്തകര്‍. വോട്ടുചെയ്യൂ…വോട്ട് ചെയ്യിക്കു, എന്റെ വോട്ട് എന്റെ അഭിമാനം, ഭയമില്ലാതെ ഭാവി തീരുമാനിക്കാം തുടങ്ങിയ സന്ദേശം പ്രചരിപ്പിച്ച് ജില്ലയില്‍ സ്വീപ്പ് പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ദീപം തെളിയിച്ച് ജനാധിപത്യത്തിന്റെ വെളിച്ചം നാടാകെ പരത്തി. സെല്‍ഫി കോര്‍ണര്‍, ഒപ്പുമൂല, ബാനര്‍-ഹാഷ്ടാഗ് പ്രചരണം, കന്നി വോട്ട്-പൊന്ന് വോട്ട് പ്രചരണം, ‘വോയ്സ് ഓഫ് ഡമോക്രസി’, ‘വിമണ്‍ ഇന്‍ പവര്‍’, ലൈറ്റ് ആന്റ് സൗണ്ട് ഷോ, ഓര്‍മ്മക്കുറിപ്പ് എഴുത്ത് മത്സരം, ‘പെയ്ന്റ് ഓഫ് മൈ വാള്‍’, വീഡിയോ മത്സരം, പ്രസംഗ മത്സരം, റാലി, കലാ പരിപാടികള്‍, റോഡ് ഷോ, മാസ്‌ക് വിതരണം, ക്വിസ് മത്സരങ്ങള്‍, വാഹന പ്രചരണം തുടങ്ങി വിവിധതരം പ്രചരണ പരിപാടികളാണ് സ്വീപ്പിന്റെ ഭാഗമായി നടക്കുന്നത്.
നെല്ലിയറ കോളനിയിലെ 106 കാരനായ
വോട്ട് മുത്തച്ഛന് ആദരം
പുലിയങ്കുളം നെല്ലിയറ കോളനിയിലെ ചാണമുപ്പന് വയസ്സ് 106. പ്രായാധിക്യമൊന്നും വകവെയ്ക്കാതെ ഇക്കുറിയും വോട്ട് ചെയ്യാന്‍ കാത്തിരിക്കുകയാണ് ഈ വോട്ട് മുത്തച്ഛന്‍. സ്വീപ്പ് സമ്മതിദാനാവകാശബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ പുലിയംകുളം നെല്ലിയറ കോളനിയിലെ മൂപ്പനായ ചാണയെയാണ് വോട്ടു മുത്തച്ഛനായി ആദരിച്ചത്. വാഹനങ്ങളും യാത്രാ സൗകര്യങ്ങളുമില്ലാതിരുന്ന കാലത്തും അതിരാവിലെ വോട്ട് കേന്ദ്രത്തില്‍ വോട്ട് ചെയ്യാനായി രണ്ട് ദിവസം മുന്നേ നടന്നു പോയ കഥകളും ചടങ്ങില്‍ ചാണമൂപ്പന്‍ പങ്കുവെച്ചു.
കൂലിപ്പണിയും കന്നുകാലികളെ മേയ്ക്കുന്നതുമായിരുന്നു ചാണമൂപ്പന്റെ തൊഴില്‍.
പുതുതലമുറകള്‍ക്ക് മുന്നില്‍ വോട്ട് ചെയ്യാനുള്ള അനുഭവ സാക്ഷ്യങ്ങളും നല്ല സന്ദേശവുമാണ് വോട്ട് മുത്തച്ഛന്‍ പകര്‍ന്നു നല്‍കുന്നത്. കോളനിയില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടിയില്‍ സ്വീപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത് വോട്ട് മുത്തച്ഛനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഭാര്യ കൊറുമ്പിയും മൂന്ന് മക്കളും അടങ്ങിയതാണ് മൂപ്പന്റ കുടുംബം.
തുടര്‍ന്ന് കോളനി അംഗങ്ങള്‍ മംഗലംകളിയും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. വോട്ടുചെയ്യൂ.വോട്ട് ചെയ്യിക്കു, എന്റെ വോട്ട് എന്റെ അഭിമാനം, ഭയമില്ലാതെ ഭാവി തീരുമാനിക്കാം തുടങ്ങിയ പ്രതിജ്ഞയും ചൊല്ലി. പരിപാടികളില്‍ ഊരുമൂപ്പന്‍ സുന്ദരന്‍. കെ., സ്വീപ്പ് പ്രവര്‍ത്തകരായ ധനലക്ഷ്മി എം.കെ, നിഷ നമ്പപൊയില്‍, ദീലീഷ് എ, സുബൈര്‍, വിനോദ് കുമാര്‍ കെ. വിദ്യ വി, ആന്‍സ്, മോഹന്‍ ദാസ് വയലാംകുഴി, ക്രിസ്റ്റി, വിപിന്‍, ഡി, രഞ്ജീഷ, സുന എസ് ചന്ദ്രന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വോട്ട് ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് പുലിയംകുളം നെല്ലിയറ കോളനിയിലെ നിവാസികള്‍.