കാസര്‍കോട്: ജില്ലയില്‍ മഴവെള്ളക്കൊയ്ത്തിന് വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ച് ജലക്ഷാമം പരിഹരിക്കാനായി നടത്തിയ പ്രയത്നങ്ങളെ പരിഗണിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന് അക്വാസ്റ്റാര്‍ വാട്ടര്‍ വാരിയര്‍ പുരസ്‌കാരം. കളക്ടര്‍ക്കൊപ്പം ജില്ലയിലെ കുണ്ടംകുഴി കുഞ്ഞമ്പുവും പുരസ്‌കാരത്തിന് അര്‍ഹനായി.

ലോക ജലദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് 20ന് വൈകീട്ട് ആറിന് പാലക്കാട് ധോനിയിലെ ലീഡ് കോളജ് ഓഫ് മാനേജ്മെന്റില്‍ നടക്കുന്ന ചടങ്ങില്‍ മെമന്റോയും പ്രശംസാപത്രവും ഇരുവര്‍ക്കും സമ്മാനിക്കും. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി ഇവര്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധ ഭാഗങ്ങളിലെ അഞ്ച് പേരുടെ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിച്ച ‘റെയിന്‍വാട്ടര്‍ ദി ഗ്രെയിറ്റസ്റ്റ് ഗിഫ്റ്റ്’ എന്ന വിനോദ് മങ്കരയുടെ ഡോക്യുമെന്ററികള്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും.