കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സി വിജില്‍ (cVIGIL) മൊബൈല്‍ ആപ്ലിക്കേഷനില്‍ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 25255 പരാതികള്‍. അഴീക്കോട് 3698, ധര്‍മ്മടം 2051, ഇരിക്കൂര്‍ 1148, കല്ല്യാശ്ശേരി 3226, കണ്ണൂര്‍ 3192, കൂത്തുപറമ്പ് 2005, മട്ടന്നൂര്‍ 1864, പയ്യന്നൂര്‍ 1332, പേരാവൂര്‍ 2452, തളിപ്പറമ്പ് 1573, തലശ്ശേരി 2714 എന്നിങ്ങനെ 25255 ചട്ടലംഘനങ്ങളെ കുറിച്ചുള്ള പരാതികളാണ് ആപ്പ് വഴി ഇതുവരെ ലഭിച്ചത്.

ഇവയില്‍ 25126 കേസുകളില്‍ നടപടി സ്വീകരിച്ചു. തെറ്റായ വിവരങ്ങളാണെന്ന് കണ്ടെത്തിയവ ഒഴിവാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് ജില്ലയിലെ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരിസരങ്ങളിലും കണ്ടെത്തിയ ചുവരെഴുത്ത്, പോസ്റ്ററുകള്‍, ബാനറുകള്‍, കൊടികള്‍ ഉള്‍പ്പെടെയുള്ള പ്രചരണ സാമഗ്രികളാണ് ഇതിനായി നിയോഗിക്കപ്പെട്ട ആന്റീ ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തത്. സി വിജിലില്‍ ലഭിച്ചത് കൂടാതെ 2249 ചട്ടലംഘനങ്ങള്‍ സ്‌ക്വാഡുകള്‍ നേരിട്ടും കണ്ടെത്തി. ഇതോടെ ജില്ലയില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച ആകെ 27504 പ്രചരണ സാമഗ്രികളാണ് ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തത്.