നാമനിര്‍ദേശപത്രിക സൂക്ഷ്മ പരിശോധന ഇന്ന്

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക നിരസിക്കാനുള്ള കാരണങ്ങള്‍ വ്യക്തമായി വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നാമനിര്‍ദേശ പത്രിക നിരസിക്കുന്നതിനിടയാക്കുന്ന 16 കാരണങ്ങളാണ് സ്ഥാനാര്‍ത്ഥികളുടെയും തെരഞ്ഞെടുപ്പ് ചുമതലയിലുള്ള ഉദ്യോഗസ്ഥരുടെയും അറിവിലേക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോക്സഭയിലും നിയമസഭയിലും ജനപ്രതിനിധിയാകാന്‍ നിയമപ്രകാരം വ്യക്തമായ യോഗ്യതയില്ലാത്തവരുടെയും മുമ്പ് അയോഗ്യത കല്‍പ്പിക്കപ്പെട്ടവരുടെയും പത്രിക നിരസിക്കും. സ്ഥാനാര്‍ത്ഥി സത്യപ്രസ്താവന നല്‍കിയില്ലെങ്കിലും കൃത്യസമയത്ത് പത്രിക സമര്‍പ്പിച്ചില്ലെങ്കിലും സൂക്ഷ്മപരിശോധനയില്‍ പത്രിക തള്ളും.

റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എന്നിവര്‍ക്ക് സ്ഥാനാര്‍ത്ഥിയോ പ്രൊപ്പോസറോ പത്രിക നല്‍കണമെന്നതാണ്  കര്‍ശന നിബന്ധന. റിട്ടേണിങ് ഓഫീസര്‍ പ്രസിദ്ധപ്പെടുത്തുന്ന പൊതുഅറിയിപ്പില്‍ പറയുന്ന കേന്ദ്രത്തില്‍ തന്നെ ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കുകയും വേണം. അല്ലാത്തപക്ഷം പത്രിക നിരസിക്കും. നാമനിര്‍ദേശ പത്രിക ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എന്നിവര്‍ മുമ്പാകെ തന്നെ സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത മാതൃകയില്‍ തന്നെയാകണം പത്രിക. സ്ഥാനാര്‍ത്ഥിയോ പ്രൊപ്പോസറോ പത്രികയില്‍ ഒപ്പുരേഖപ്പെടുത്തണമെന്നാണ് മറ്റൊരു നിഷ്‌കര്‍ഷ. ശരിയായവിധത്തില്‍ ഒപ്പുരേഖപ്പെടുത്തിയിട്ടില്ലെങ്കിലും പത്രിക തള്ളും.

സ്ഥാനാര്‍ത്ഥി നിയമപ്രകാരമുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം. പട്ടികജാതി സംവരണ മണ്ഡലത്തില്‍ സംവരണത്തിന് അര്‍ഹനല്ലാത്തയാള്‍ പത്രിക നല്‍കിയാലും തള്ളും. അതത് മണ്ഡലങ്ങളില്‍ വോട്ടര്‍മാരായ വ്യക്തികള്‍ക്ക് മാത്രമേ സ്ഥാനാര്‍ത്ഥിയുടെ പ്രൊപ്പോസറാകാന്‍ സാധിക്കൂ. ഇതു പാലിക്കാതെ നല്‍കുന്ന പത്രികകള്‍ നിരസിക്കുന്നതിനിടയാക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാതൃകയില്‍ സ്ഥാനാര്‍ത്ഥി സതൃവാങ്മൂലം നല്‍കണം. ഇതില്‍ വീഴ്ചയുണ്ടായാല്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടമാകും.

സ്ഥാനാര്‍ത്ഥിയുടെ പ്രായം പത്രികയില്‍ വ്യക്തമായി രേഖപ്പെടുത്തണം. സ്ഥാനാര്‍ത്ഥി തന്റെ മണ്ഡലത്തില്‍ നിന്നല്ല ജനവിധി തേടുന്നതെങ്കില്‍ അദ്ദേഹം ഉള്‍പ്പെട്ട വോട്ടര്‍പട്ടികയുടെ ആദ്യ പേജിന്റെയും പേരും വിശദാംശങ്ങളുമുള്ള പേജിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും നല്‍കണം. സെക്ഷന്‍ 33(5) ആക്ട് പ്രകാരം പത്രികയ്ക്ക് ഒപ്പമോ സൂക്ഷ്മപരിശോധന സമയത്തോ ഇതു ഹാജരാക്കണമെന്നാണ് നിബന്ധന. സത്യവാങ്മൂലം അപൂര്‍ണമാണെങ്കിലും നിരസിക്കും.