തിരുവനന്തപുരം: കോവാക്‌സിൻ ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞവർ ഇന്നും നാളെയം (മാർച്ച് 22, 23) രണ്ടാം ഡോസ് എടുക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു. ജില്ലയിൽ 17 സ്ഥാപനങ്ങൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.
ആറ്റിങ്ങൽ താലൂക്ക് ആശുപത്രി, പൂജപ്പുര സെൻട്രൽ ജയിൽ, ചിറയൻകീഴ് താലൂക്ക് ആശുപത്രി, വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രി, ഫോർട്ട് താലൂക്ക് ആശുപത്രി, മലയിൻകീഴ് താലൂക്ക് ആശുപത്രി, മുട്ടട യു.പി.എച്ച്.സി, നെടുമങ്ങാട് ജില്ലാ ആശുപത്രി, നേമം താലൂക്ക് ആശുപത്രി, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി, പേരൂർക്കട എസ്.എ.പി. ക്യാംപ്, സ്പ്രിങ് ഗാർഡൻ ഫാമിലി ക്ലിനിക്(സ്വകാര്യ സ്ഥാപനം), തൃക്കണ്ണാപുരം യു.പി.എച്ച്.സി, വർക്കല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് കോവാക്‌സിൻ സെഷനുകൾ നടക്കുന്നത്.
ആദ്യ ഡോസ് കോവിഡ് വാക്‌സിനേഷൻ ലഭിച്ചു രജിസ്‌ട്രേഷൻ ഐ.ഡി. ലഭിക്കാത്തവരും പാർഷ്യലി വാക്‌സിനേറ്റഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തവരും  എത്രയും വേഗം അടുത്തുള്ള ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടണം. സ്‌പെഷ്യൽ ക്യാമ്പുകളിലും ഓഫിസുകളിൽ നടത്തിയ ക്യാമ്പുകളിലും വാക്‌സിനേഷൻ എടുത്തവർ 28 ദിവസം കഴിയുമ്പോൾ അടുത്തുള്ള സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും വാക്‌സിൻ സ്വീകരിക്കേണ്ടതാണ്. എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽനിന്നും കോവിഡ് വാക്സിൻ സൗജന്യമായി  ലഭിക്കും.
ജില്ലയിലെ ഏത് വാക്സിനേഷൻ കേന്ദ്രത്തിൽനിന്നും വാക്‌സിനേഷൻ സ്വീകരിക്കാം. 60 വയസിനു മുകളിൽ പ്രായമുള്ള വരും 45നും 59നും ഇടയിൽ പ്രായമുള്ള അനുബന്ധ രോഗബാധിതരും കോവിഡ്  വാക്സിനേഷൻ സ്വീകരിക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.