പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടാംഘട്ട പോളിംഗ് പേഴ്‌സണല് റാന്റമൈസേഷന് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് പൂര്ത്തിയായി. റാന്റമൈസേഷന് പൂര്ത്തിയായതോടെ വോട്ടെടുപ്പ് ദിവസം പോളിംഗ് ഉദ്യോഗസ്ഥര് ഏത് നിയോജകമണ്ഡലത്തിലാണ് ജോലിക്ക് എത്തേണ്ടത് എന്നതില് വ്യക്തതയായി. പോളിംഗ് ഉദ്യോഗസ്ഥര്ക്കുള്ള പരിശീലനം മാര്ച്ച് 24 മുതല് 30 വരെ ജില്ലയിലെ 12 കേന്ദ്രങ്ങളിലായി നടക്കുമെന്ന് ട്രെയിനിങ് നോഡല് ഓഫീസര് പി.എ ഷാനവാസ് ഖാന് അറിയിച്ചു.
പോളിംഗ് ബൂത്തില് തിരഞ്ഞെടുപ്പ് ജോലിക്കായി പ്രിസൈഡിങ് ഓഫീസര്, ഫസ്റ്റ് പോളിംഗ് ഓഫീസര്, സെക്കന്റ് പോളിംഗ് ഓഫീസര്, തേഡ് പോളിംഗ് ഓഫീസര് എന്നീ നാല് പേരടങ്ങുന്ന സംഘമാണുണ്ടാവുക. ഉദ്യോഗസ്ഥരെ അതത് ബൂത്തുകളിലേക്ക് നിയോഗിക്കുന്നത് ഏപ്രില് അഞ്ചിനാണ്.
റാന്റമൈസേഷനില് പൊതുനിരീക്ഷകരായ രാജേന്ദ്ര രത്‌നു ഐ.എ.എസ്, ജെയ് സിങ് ഐ.എ.എസ്, മുത്തുകുമാര് ഐ.എ.എസ്, കെ.ദയാനന്ദ് ഐ.എ.എസ്, പോലീസ് നിരീക്ഷകനായ ഡി.ബി ഗിരി ഐ.പി.എസ്, ജില്ലാ കലക്ടറും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയുമായ മൃണ്മയി ജോഷി, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര് കെ.മധു, ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.