കാസർഗോഡ്:സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുനിരീക്ഷകർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറ്റേ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലയിലെ വരണാധികാരികളുടെയും നോഡൽ ഓഫീസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു പൊതുനിരീക്ഷകർ.
സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ വോട്ടർപട്ടികയുടെ പരിശുദ്ധി സുപ്രധാനമാണെന്ന് കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളുടെ പൊതുനിരീക്ഷകൻ എച്ച്. രാജേഷ് പ്രസാദ് പറഞ്ഞു. വോട്ടർ പട്ടികയുടെ മാർക്ക് ചെയ്ത കോപ്പി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് നൽകേണ്ടത് പ്രധാനമാണ്. ഇതേ കോപ്പി തന്നെയാണ് പോളിംഗ് സ്‌റ്റേഷനുകളിലേക്ക് പ്രിസൈഡിംഗ് ഓഫീസർമാർക്ക് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം, മാധ്യമങ്ങളിലെ പെയ്ഡ് ന്യൂസ്, തെരഞ്ഞെടുപ്പ് പരസ്യങ്ങൾ എന്നിവയുടെ നിരീക്ഷണം, തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ ചുമതലകൾ എന്നിവ സംബന്ധിച്ച് മഞ്ചേശ്വരം, കാസർകോട് മണ്ഡലം പൊതുനിരീക്ഷകൻ രഞ്ജൻകുമാർ ദാസ്, ഉദുമ മണ്ഡലം പൊതുനിരീക്ഷകൻ ദേബാശിഷ് ദാസ് എന്നിവർ സംസാരിച്ചു. അതിർത്തികളിൽ ഉൾപ്പെടെ നേരിട്ടെത്തി നിരീക്ഷണം നടത്തിവരുന്നതായി പോലീസ് നിരീക്ഷക വാഹ്‌നി സിംഗ് അറിയിച്ചു.
മഞ്ചേശ്വരം, കാസർകോട് മണ്ഡലം ചെലവ് നിരീക്ഷകൻ സാൻജോയ് പോൾ, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, കാഞ്ഞങ്ങാട് വരണാധികാരി സബ്കളക്ടർ ഡി.ആർ. മേഘശ്രീ, മഞ്ചേശ്വരം വരണാധികാരി ഷാജി എം.കെ, കാസർകോട് വരണാധികാരി ഷാജു പി, ഉദുമ വരണാധികാരി ജയ ജോസ് രാജ് സി.എൽ, തൃക്കരിപ്പൂർ വരണാധികാരി സിറോഷ് പി. ജോൺ എന്നിവരും സംസാരിച്ചു.