കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരുടെയും ജില്ലാ കളക്ടറുടെയും വരണാധികാരികളുടെയും സാന്നിധ്യത്തിൽ നടത്തി. 1989 വീതം പ്രിസൈഡിംഗ് ഓഫീസർമാർ, ഫസ്റ്റ്, സെക്കൻഡ്, തേഡ് പോളിംഗ് ഓഫീസർമാർ ഉൾപ്പെടെ ആകെ 7956 ഉദ്യോഗസ്ഥരുടെ മണ്ഡലങ്ങൾ ഇതിലൂടെ നിശ്ചയിച്ചു. ഇതിൽ 25 ശതമാനം പേർ റിസർവ് ആയിരിക്കും. പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് തിങ്കളാഴ്ച മുതൽ നൽകി തുടങ്ങും.
പൊതുനിരീക്ഷകരായ എച്ച്. രാജേഷ് പ്രസാദ്, രഞ്ജൻകുമാർ ദാസ്, ദേബാശിഷ് ദാസ്, പോലീസ് നിരീക്ഷക വാഹ്നി സിംഗ്, ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, വരണാധികാരികൾ എന്നിവർ സംബന്ധിച്ചു.