ആലപ്പുഴ: കോവിഡ് വാക്‌സിനേഷൻ നൽകുന്നതിനായി ജില്ലയിൽ കൂടുതൽ കേന്ദ്രങ്ങളിൽ നാളെ( മാര്‍ച്ച് 23) മുതൽ സ്പെഷ്യൽ ഡ്രൈവ് ആരംഭിക്കും. അർത്തുങ്കൽ സെൻറ്. സെബാസ്ററ്യൻസ് തീർത്ഥാടന കേന്ദ്രം, റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മങ്കൊമ്പ് എന്നിവിടങ്ങളിലാണ് പുതുതായി സ്പെഷ്യൽ ഡ്രൈവ് കേന്ദ്രങ്ങൾ തുറക്കുക.

വാക്‌സിനേഷൻ നൽകുന്നതിനായി ആളുകളെ കൂടുതലായി അണിനിരത്താനായി അംഗനവാടി പ്രവർത്തകർ, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ ചുമതലപ്പെടുത്തി. ജില്ല കളക്ടര്‍ എ.അലക്സാണ്ടറുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ആയത്. ആളുകളെ നേരിൽ കണ്ട് വാക്‌സിനേഷൻ എടുക്കുന്നതിനായുള്ള സ്ഥലം (പി.എച്ച്.സി, സി.എച്.സി, താലൂക്ക് ആശുപത്രി) , തിയതി എന്നിവ രേഖപ്പെടുത്തിയ കുറിപ്പ് നൽകും. ഇതനുസരിച്ചാണ് ജനങ്ങൾ വാക്‌സിൻ എടുക്കുന്നതിനായി കേന്ദ്രങ്ങളിൽ എത്തേണ്ടത്. ആളുകൾ കൂടുതൽ ഉണ്ടെങ്കിൽ അതിനായി മാസ്സ് വാക്‌സിനേഷൻ കേന്ദ്രങ്ങളും ഒരുക്കും.

കൂടുതൽ ജനങ്ങൾക്ക് സൗകര്യ പ്രദമായ രീതിയിൽ വാക്‌സിനേഷൻ നല്കുന്നതിനായാണ് ഇത്തരത്തിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് വാക്‌സിനേഷൻ സമയം. യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.