കളള വോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി: ജില്ലാ വരണാധികാരി

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ള വോട്ട് തടയുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കര്‍ശന മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. നിബന്ധന പോളിങ് ബൂത്തിന് 200 മീറ്റര്‍ പരിധിയില്‍ ബാധകമായിരിക്കും.

പോളിംഗ് ബൂത്തില്‍ സ്ഥാപിച്ചിരിക്കുന്ന വീഡിയോ ക്യാമറയുടെ പരിധിയില്‍ തടസ്സമായി പോളിംഗ് ഏജന്റുമാര്‍ നില്‍ക്കാന്‍ പാടില്ല കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 85 ശതമാനത്തില്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയതും ഏതെങ്കിലും പാര്‍ട്ടിയുടെ ശക്തികേന്ദ്രമായതും ഒരു പാര്‍ട്ടിയുടെ പോളിംഗ് ഏജന്റ് മാത്രമുള്ള പോളിംഗ് ബൂത്തുകളില്‍ ജാഗ്രത ശക്തമാക്കണം.

രണ്ടുവട്ടം വോട്ട് ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ വിരലില്‍ മഷി പുരട്ടുന്നതിന് പോളിങ് ഓഫീസര്‍ക്ക് പരിശീലന സമയത്ത് പ്രത്യേക നിര്‍ദ്ദേശം നല്‍കണം. ആള്‍മാറാട്ടം തടയുന്നതിന് പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് ഏത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ പരിശോധന പുന:പരിശോധിക്കുവാന്‍ അധികാരമുണ്ടായിരിക്കും.

പോളിംഗ് ബൂത്തിന്റേയും പരിസരത്തിന്റേയും സര്‍വ്വാധികാരി യായിരിക്കും പ്രിസൈഡിംഗ് ഓഫീസര്‍. ആള്‍മാറാട്ടം നടത്താന്‍ ശ്രമിക്കുന്നവരെ തിരഞ്ഞെടുപ്പ് നിയമപ്രകാരം ശക്തമായി നേരിടണം. ആള്‍മാറാട്ടത്തിന് ശ്രമിക്കുന്നവരെ ബൂത്തില്‍ നിന്ന് ഉടന്‍ നീക്കം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ച് പോളിംഗ് സുഗമമാക്കണം. യഥാര്‍ത്ഥ വോട്ടര്‍മാരുടെ സഹായികളായി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍ വ്യാജ വോട്ടിനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് നിരീക്ഷണം ശക്തിപ്പെടുത്തണം.

മറ്റ് പോളിംഗ് റിപ്പോര്‍ട്ടുകള്‍ക്കൊപ്പം സഹായി വോട്ട് ചെയ്തതിന്റെ കണക്ക് ഓരോ മണിക്കൂറും പ്രിസൈഡിങ് ഓഫീസര്‍ വരണാധികാരിക്ക് നല്‍കണം. ജനപ്രാതിനിധ്യ നിയമം 1950, 1951, 1961 പ്രകാരം പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള കൈപ്പുസ്തകം നിര്‍ദ്ദേശിച്ചിട്ടുള്ളവ കള്ള വോട്ട് തടയുന്നതിന് കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാകളക്ടര്‍ എച്ച് ദിനേശന്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.