ഇടുക്കി: രാജക്കാട്, രാജകുമാരി ഗ്രാമപഞ്ചായത്തുകളില്‍ 60നു മുകളില്‍ പ്രായമുള്ളവര്‍ക്കയുള്ള കൊവിഡ് വാക്സിനേഷന്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാജക്കാട് ഗ്രാമ പഞ്ചായത്തില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, രാജകുമാരി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലുമാണ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. രാജാക്കാട് 545 പേരും രാജകുമാരിയില്‍ 708 പേരും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തതായി അധികൃതര്‍ അറിയിച്ചു. രാവിലെ 9 മുതല്‍ വൈകിട്ട് നാലു വരെയാണ് ക്യാമ്പ് നടന്നത്.

രജിസ്ട്രേഷന്‍ കൗണ്ടര്‍, കുത്തിവയ്പ്പിനുള്ള സൗകര്യം, വിശ്രമമുറി ഉള്‍പ്പെടെ എല്ലാ വിധ സൗകര്യങ്ങളും വാക്സിനേഷന്‍ ക്യാമ്പില്‍ ഒരുക്കിയിരുന്നു. സാനിറ്റൈസര്‍, ശരീരോഷ്മാവ് പരിശോധ എന്നിവയ്ക്ക് ശേഷമാണ് വാക്സിനേഷന്‍ കൗണ്ടറുകളില്‍ പ്രവേശിപ്പിച്ചത്. കുത്തിവയ്പ്പിന് ശേഷം അരമണിക്കൂര്‍ വിശ്രമം അനുവദിച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചവരെ പറഞ്ഞയച്ചത്.

ആരോഗ്യവകുപ്പ് ജീവനക്കാര്‍ ആശാ വര്‍ക്കര്‍മാര്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി.

ചിത്രം: രാജകുമാരിയില്‍ നടന്ന വാക്‌സിനേഷന്‍ ക്യാമ്പില്‍ നിന്നും