തിരുവനന്തപുരം: നഗരപരിധിയില്‍ താമസിക്കുന്ന 60 വയസിനു മുകളിലുള്ളവര്‍ക്കും ദീര്‍ഘകാല രോഗങ്ങളുള്ള 45നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്കുമുള്ള സൗജന്യ കോവിഡ് വാക്സിനേഷനായുള്ള കേന്ദ്രങ്ങള്‍ ജില്ലാ ഭരണകൂടം ഒരുക്കി. ഈ കേന്ദ്രങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ സൗജന്യ വാക്സിനേഷന് സൗകര്യമുണ്ടാകുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ പ്രതിദിനം 2500 പേര്‍ക്കു വാക്സിന്‍ സ്വീകരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ വൈകിട്ടു മൂന്നു മണിവരെയാണ് വാക്സനേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ആശങ്കകൂടാതെ വിവിധ കേന്ദ്രങ്ങളില്‍നിന്നു വാക്സിനെടുക്കാം. റസിഡന്റ് അസോസിയേഷനുകളും പ്രാദേശിക സന്നദ്ധ സംഘടനകളും വാക്സിനേഷന്‍ വിജയിപ്പിക്കുന്നതിനു സഹകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വാക്സിന്‍ എടുക്കുകയെന്നത് അനിവാര്യമാണ്. മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ അടിയന്തരമായി വാക്സിന്‍ സ്വീകരിക്കണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ളവരും നിയോഗിക്കപ്പെടാന്‍ സാധ്യതയുള്ളവരുമായ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങള്‍ വാക്സിന്‍ ലഭിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുന്‍കാലങ്ങളില്‍ നിയോഗിച്ചിട്ടുള്ള വിമുക്ത ഭടന്മാര്‍, സര്‍വീസില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥര്‍ എന്നിവര്‍ നിര്‍ബന്ധമായും വാക്സിനെടുക്കണം. ജില്ലയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒരു ഡോസിന് 250 രൂപ എന്ന നിരക്കിലും കോവിഡ് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.
കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളവര്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന നിശ്ചിത കാലയളവിനു ശേഷം കൃത്യമായി രണ്ടാമത്തെ ഡോസ് എടുത്താല്‍ മാത്രമേ കോവിഡിനെതിരേ പൂര്‍ണമായ പ്രതിരോധ ശേഷി കൈവരിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ വാക്സനേഷന്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ 1077, 9188610100 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. സര്‍ക്കാര്‍ നിശ്ചയിച്ച വിഭാഗത്തില്‍പ്പെട്ടവരും ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവരുമായവര്‍ക്ക് രജിസ്ട്രേഷനുള്ള ക്രമീകരണവും ഈ നമ്പറുകളില്‍ ലഭിക്കും.
തിരുവനന്തപുരം നഗര പരിധിയിലെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍
കോസ്റ്റല്‍ സ്പെഷ്യാലിറ്റി ആശുപത്രി വലിയതുറ, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, മുട്ടട പി.എച്ച്.സി, നേമം താലൂക്ക് ആശുപത്രി, പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രി, തൃക്കണ്ണാപുരം യു.പി.എച്ച്.സി, ആയൂര്‍വേദ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി തിരുവനന്തപുരം, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, പൂജപ്പുര ഗവണ്‍മെന്റ് ആയൂര്‍വേദ കോളജ് ആശുപത്രി, പാങ്ങപ്പാറ പി.എച്ച്.സി, പൂന്തുറ സി.എച്ച്.സി, പുത്തന്‍തോപ്പ് സി.എച്ച്.സി, എസ്.എ.ടി മെഡിക്കല്‍ കോളജ്, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, വെള്ളായണി പി.എച്ച്.സി, വിഴിഞ്ഞം സി.എച്ച്,സി, ചെട്ടിവിളാകം പി.എച്ച്.സി, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, കടകംപള്ളി പി.എച്ച്.സി, പുലയനാര്‍കോട്ട സി.ഡി.എച്ച്, തിരുവല്ലം പി.എച്ച്.സി, വട്ടിയൂര്‍ക്കാവ് പി.എച്ച്.സി, വട്ടിയൂര്‍ക്കാവ് യു.പി.എച്ച്.സി, വേളി പി.എച്ച്.സി, വിഴിഞ്ഞം ന്യൂ മുക്കോല പി.എച്ച്.സി.