പത്തനംതിട്ട: ആബ്‌സന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ട് നാളെ (മാര്‍ച്ച് 26 വെള്ളി) മുതല്‍ വീടുകളിലെത്തി പ്രത്യേക പോളിംഗ് സംഘം സ്വീകരിക്കും. ഇവര്‍ക്ക് താമസസ്ഥലത്ത് എത്തിച്ചു നല്‍കുന്ന ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യാം. നേരത്തെ തപാല്‍ വോട്ട് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് വരണാധികാരിയെ വോട്ടര്‍ അറിയിക്കുകയും ഇതിനായി 12 ഡി യില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് മാര്‍ച്ച് 17നു മുന്‍പ് നല്‍കിയവര്‍ക്കുമാണ് ഇത്തരത്തില്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്ത 80 വയസു പിന്നിട്ടവര്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍, കോവിഡ് ബാധിതര്‍, കോവിഡ് ക്വാറന്റയിനില്‍ കഴിയുന്നവര്‍ എന്നിവരെ ആബ്‌സന്റീ വോട്ടര്‍മാരായി പരിഗണിച്ച് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തപാല്‍ ബാലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഫോറം 12 ഡി സമര്‍പ്പിച്ചവര്‍ക്ക് വരണാധികാരി തപാല്‍ ബാലറ്റ് പേപ്പര്‍ അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം വോട്ടര്‍പട്ടികയില്‍ ഇവരുടെ പേരിനുനേരെ പോസ്റ്റല്‍ ബാലറ്റ് എന്നതിന്റെ ചുരുക്കെഴുത്തായ പി.ബി എന്ന് മാര്‍ക്ക് ചെയ്യും. ഇത്തരത്തില്‍ മാര്‍ക്ക് ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ ഈ വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ എത്തി വോട്ട് ചെയ്യാനാകില്ല.

തപാല്‍ ബാലറ്റുകള്‍ വോട്ടര്‍ക്ക് നല്‍കുന്നതിന് പ്രത്യേക പോളിംഗ് സംഘങ്ങളെ വരണാധികാരിമാര്‍ നിയോഗിച്ചിട്ടുണ്ട്. മുന്‍കൂട്ടി അറിയിച്ചശേഷമായിരിക്കും ഇവര്‍ വോട്ടര്‍മാരുടെ പക്കലെത്തുക. ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം തപാല്‍ ബാലറ്റ് പേപ്പറും ഫോറം 13 എ യിലുള്ള സത്യപ്രസ്താവന, ഫോറം 13 ബി എന്ന ചെറിയ കവര്‍, ഫോറം 13 സി എന്ന വലിയ കവര്‍ എന്നിവയും നല്‍കും. സ്വകാര്യത ഉറപ്പാക്കി വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളുമായാണ് ഉദ്യോഗസ്ഥര്‍ എത്തുക. സ്ഥാനാര്‍ഥികള്‍ക്ക് വരണാധികാരികളുടെ അനുവാദത്തോടെ മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കുന്ന ഏജന്റിനെ വോട്ടിംഗ് പ്രക്രിയ നിരീക്ഷിക്കുന്നതിന് ചുമതലപ്പെടുത്താം.

പോളിംഗ് ടീമില്‍ രണ്ടു പോളിംഗ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍, മൈക്രോ ഒബ്‌സര്‍വര്‍, ബി.എല്‍.ഒ എന്നിവര്‍ ഉണ്ടായിരിക്കും.
പോസ്റ്റല്‍ ബാലറ്റില്‍ ആരുടെയും സ്വാധീനത്തിന് വിധേയമല്ലാതെ സ്ഥാനാര്‍ഥിയുടെ പേരിനു നേരെ ശരി ചിഹ്നമോ ഗുണന ചിഹ്നമോ രേഖപ്പെടുത്തി വോട്ട് ചെയ്യാം. പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ കഴിയൂ. ബാലറ്റ് പേപ്പറും അനുബന്ധ രേഖകളും കൈപ്പറ്റി പിന്നീട് നേരിട്ടോ ദൂതന്‍മുഖേനയോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കാന്‍ കഴിയില്ല.

തപാല്‍ ബാലറ്റ് പേപ്പര്‍ മടക്കി 13 ബി എന്ന ചെറിയ കവറില്‍ ഇട്ട് ഒട്ടിച്ച് കവറിനു മുകളില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കണം. 13 എ യിലുളള സത്യപ്രസ്താവന പൂരിപ്പിച്ച് വീട്ടിലെത്തുന്ന പോളിംഗ് ഓഫീസറെക്കൊണ്ടുതന്നെ സാക്ഷ്യപ്പെടുത്തണം. തപാല്‍ ബാലറ്റ് അടങ്ങിയ 13 ബി എന്ന കവറും 13 എ എന്ന സത്യപ്രസ്താവനയും 13 സി എന്ന വലിയ കവറിലിട്ട് ഒട്ടിച്ച് ഈ കവറിനു മുകളിലും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി അപ്പോള്‍തന്നെ പോളിംഗ് ഉദ്യോഗസ്ഥരെ തിരികെ ഏല്‍പ്പിക്കണം.

ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ വോട്ട് ചെയ്യുമ്പോള്‍ 13എ യിലുള്ള സത്യപ്രസ്താവന അവരെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് സാക്ഷ്യപ്പെടുത്താം. പോളിംഗ് സംഘം എത്തുന്നതായി അറിയിക്കുമ്പോള്‍ വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതിവയ്ക്കണം. മാസ്‌ക് ശരിയായ രീതിയില്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വോട്ട് ചെയ്തശേഷം കൈകള്‍ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് ശുചീകരിക്കണം. അന്ധര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയാത്തവിധം ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്കും മുതിര്‍ന്ന ഒരാളുടെ സഹായത്തോടെ വോട്ട് ചെയ്യാം. തപാല്‍ വോട്ടുകള്‍ അതാതു ദിവസംതന്നെ പോളിംഗ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് മടക്കി നല്‍കുകയും വരണാധികാരികള്‍ അവ സുരക്ഷിതമായി കസ്റ്റഡില്‍ സൂക്ഷിക്കുകയും ചെയ്യും.