പത്തനംതിട്ട: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് സിഗ്‌നേച്ചര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു. ക്ഷയരോഗ നിര്‍മാര്‍ജന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കുള്ള അക്ഷയ കേരളം അവാര്‍ഡ് വിതരണവും ഇതിനോടനുബന്ധിച്ച് നടന്നു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ജിബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ ആശുപത്രി ആര്‍.എം.ഒ: ഡോ.ആശിഷ് മോഹന്‍ ദിനാചരണ പ്രതിജ്ഞ ചൊല്ലി.

ചടങ്ങിനോടനുബന്ധിച്ച് നടന്ന സെമിനാറില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ടി.ബി കണ്‍സള്‍ട്ടന്റ് ഡോ. മിക്കി കൃഷ്ണന്‍ ലേറ്റന്റ് ടി.ബി ഇന്‍ഫെക്ഷന്‍ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.സി.എസ് നന്ദിനി, ഡോ.പത്മകുമാരി, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. നിധീഷ് ഐസക് സാമുവല്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ.സി.ജി. ശശിധരന്‍, ജില്ലാ നഴ്‌സിംഗ് ഓഫിസര്‍ രതി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിലെ മികച്ച ട്രീറ്റ്‌മെന്റ് യൂണിറ്റിനുള്ള അവാര്‍ഡ് തിരുവല്ല യൂണിറ്റും ഏറ്റവും മികച്ച പി.എച്ച്.സിക്കുള്ള അവാര്‍ഡ് മലയാലപ്പുഴ പി.എച്ച്.സി യും കരസ്ഥമാക്കി. ഏറ്റവും മികച്ച ആശാപ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് ടി.ഷീജയ്ക്കും മികച്ച സ്പെസിമെന്‍ ട്രാന്‍സ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് കെ.വി.ജോണ്‍സണിനും ലഭിച്ചു. ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ സ്വകാര്യ ആശുപത്രിക്കുള്ള അവാര്‍ഡ് ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് നേടി. ചടങ്ങില്‍ ടി.ബി. സര്‍വൈവറായ ആശാപ്രവര്‍ത്തക മിനിമോളെ ആദരിച്ചു.