ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട് ജില്ലയില്‍ മൈക്രോ നിരീക്ഷകരെ നിയമിച്ചു. ഒന്‍പത് നിയോജക മണ്ഡലങ്ങളിലായി 225 മൈക്രോ നിരീക്ഷകരെയാണ് നിയമിച്ചത്. ഒരു നിയമസഭ മണ്ഡലത്തിലെ നിരീക്ഷകരുടെ സംഘത്തില്‍ 20 പേരാണുള്ളത്. മണ്ഡലാടിസ്ഥാനത്തില്‍ അഞ്ച് പേരെ അധികമായും നിയോഗിച്ചിട്ടുണ്ട്. ആകെ 25 പേരാണ് ഒരു മണ്ഡലത്തില്‍ ഉണ്ടാവുക. പോസ്റ്റല്‍ വോട്ട് സുതാര്യമാണെന്ന് ഉറപ്പു വരുത്തുകയാണ് മൈക്രോ നിരീക്ഷകരുടെ ചുമതല.

ഈ മാസം 26 മുതലാണ് പോസ്റ്റല്‍ വോട്ട്. 80 വയസിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍ എന്നിവര്‍ക്കാണ് 26 മുതല്‍ പോസ്റ്റല്‍ വോട്ട് ആരംഭിക്കുന്നത്. പോളിംഗ് ഉദ്യോഗസ്ഥര്‍, പോളിംഗ് അസിസ്റ്റന്റുമാര്‍, ഫോട്ടോഗ്രാഫര്‍, പോലീസ് തുടങ്ങി അഞ്ച് പേര്‍ അടങ്ങുന്നതാണ് പോസ്റ്റല്‍ വോട്ടിനുള്ള സംഘം. ഈ സംഘത്തിനൊപ്പം മൈക്രോ നിരീക്ഷകരും പ്രവര്‍ത്തിക്കും. പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട് മൈക്രോ നിരീക്ഷകര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായി വരുന്നു.