കൊല്ലം: കോവിഡ് രോഗനിര്‍ണയവും കൂടുതല്‍ പരിശോധനകളും ലക്ഷ്യമാക്കി ജില്ലയില്‍ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കെ.എം.എസ്.സി.എല്‍ വഴി സജ്ജമാക്കിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ഉളിയക്കോവിലില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ശ്രീലത നിര്‍വഹിച്ചു. പ്രതിദിനം 2600 പരിശോധനകള്‍ നടത്താവുന്ന സംവിധാനമാണ് ലാബില്‍ സജ്ജീകരിച്ചിട്ടുള്ളത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വാഹനത്തിലെ ടീം അംഗങ്ങള്‍ അഞ്ച് പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകള്‍ ലാബിലെത്തിച്ച് 24 മണിക്കൂറിനുള്ളില്‍ ഫലം നല്‍കും. അഞ്ചല്‍, മൈനാഗപ്പള്ളി, ശൂരനാട് നോര്‍ത്ത്, പാലത്തറ, ഓച്ചിറ എന്നീ സാമൂഹികരോഗ്യ കേന്ദ്രങ്ങളില്‍ ഇന്നലെ(മാര്‍ച്ച് 24) മൊബൈല്‍ ലാബ് എത്തി പരിശോധന നടത്തി.

തെക്കുംഭാഗം, ചവറ, കുളക്കട, നിലമേല്‍, കുളത്തൂപ്പുഴ സാമൂഹികരോഗ്യകേന്ദ്രങ്ങളില്‍ ഇന്നും(മാര്‍ച്ച് 25) തൃക്കടവൂര്‍, നെടുമണ്‍കാവ്, വെളിനല്ലൂര്‍, കുണ്ടറ, പത്തനാപുരം സാമൂഹികരോഗ്യകേന്ദ്രങ്ങളില്‍ നാളെയും (മാര്‍ച്ച് 26) പരിശോധന നടത്തും.

ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ആര്‍.സന്ധ്യ, ഡെപ്യൂട്ടി ഡി.എം.ഒ. മാരായ ഡോ. ജെ. മണികണ്ഠന്‍, ഡോ. സാജന്‍ മാത്യൂസ്, മാസ് മീഡിയ ഓഫീസര്‍ ദിലീപ് ഖാന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ എസ്. ശ്രീകുമാര്‍, ജോണ്‍സണ്‍ മാത്യു, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ജോണ്‍ മാത്യു, വാക്‌സിനേഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. ടിമ്മി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.