എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പ് വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി കൊച്ചിയില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. ഫോര്‍ട്ട്‌കൊച്ചി ആര്‍ഡിഒ ഓഫീസ് വളപ്പില്‍ സജ്ജീകരിച്ച മാതൃകാ പോളിംഗ് സ്‌റ്റേഷന്‍ സബ് കളക്ടര്‍ ഹാരിസ് റഷീദ് ഉദ്ഘാടനം ചെയ്തു. വോട്ടര്‍ ബോധവത്കരണ സന്ദേശങ്ങളടങ്ങിയ ഹൈഡ്രജന്‍ ബലൂണ്‍ ലോഞ്ചും അദ്ദേഹം നിര്‍വഹിച്ചു. ഇടകൊച്ചി അക്വിനാസ് കോളേജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. ഫോര്‍ട്ട്‌കൊച്ചി, വെളി, തോപ്പുംപടി, നസ്രത്ത്, കാളമുക്ക്, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് ഫ്‌ളാഷ് മോബ് അരങ്ങേറിയത്. വോട്ട് ചെയ്യുന്നതിനുളള പരിശീലനവും വോട്ടിംഗ് മെഷീന്‍ പരിചയപ്പെടലും പൊതുജനങ്ങള്‍ക്കായി ഈ കേന്ദ്രങ്ങളില്‍ ഒരുക്കി. സ്വീപ്പ് വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായുള്ള പ്രചാരണ പരിപാടികള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. കൊച്ചി താലൂക്ക് തഹസില്‍ദാര്‍ മധുസൂദനന്‍, സ്വീപ്പ് കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് ആന്റണി ഹര്‍ട്ടിസ് തുടങ്ങിയവര്‍ പങ്കെടുത്തു.