ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിട്ട് ഹാജരാകാത്ത ഉദ്യോഗസ്ഥര്‍‍ക്കെതിരെ ജന പ്രാതിനിധ്യ നിയമപ്രകാരം നടപടി അരംഭിച്ചതായി ജില്ലാകളക്ടർ അറിയിച്ചു. ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർ, മൈക്രോ ഒബ്സര്‍വര്‍മാര്‍ ഉൾപ്പെടെ കളക്ടറേറ്റിൽ നിന്ന് ഫോൺ മുഖാന്തിരമോ നേരിട്ടോ ഉത്തരവ് ലഭിച്ചിട്ടുള്ളവരും പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളവരും കര്‍ശനമായും പരിശീലന പരിപാടിയിലും തെരഞ്ഞെടുപ്പ് ജോലിക്കും ഹാജരാകണം. അലംഭാവം കാട്ടുന്നവരെ ജനപ്രാതിനിധ്യ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ജില്ല പോലീസ് മേധാവിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. എല്ലാ പരിശീലന കേന്ദ്രങ്ങളിലെയും ഹാജർ പരിശോധിക്കുന്നതിനും തുടർ നടപടി സ്വീകരിക്കുന്നതിനുമായി ജില്ലാ കളക്ടർ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.