പൊതു നിരീക്ഷകരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ വോട്ടിങ് മെഷീനുകളുടെ രണ്ടാം ഘട്ട റാന്‍ഡ‍മൈസേഷന്‍ ജില്ല കളക്ടറുടെ ചേംബറില്‍ പൂര്‍ത്തിയായി

ആലപ്പുഴ: അതത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികള്‍ സൂക്ഷിച്ചിട്ടുള്ള വോട്ടിങ് മെഷീനുകളുടെ രണ്ടാം ഘട്ട റാന്‍ഡ‍മൈസേഷന്‍ ശനിയാഴ്ച ജില്ല കളക്ടറുടെ ചേംബറില്‍ പൂര്‍ത്തിയായി. സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള വോട്ടിങ് യന്ത്രങ്ങള്‍ ഏതെല്ലാം പോളിങ് ബൂത്തുകളിലേക്ക് ഉപയോഗിക്കണം എന്ന് നിശ്ചയിക്കുന്ന റാന്‍ഡമൈസേഷനാണ് നടന്നത്. നിലവിലെ മെഷീനുകളുടെ നമ്പറുകള്‍ നല്‍കിയ ശേഷം ഇ.വി.എം മാനേജ്മെന്റ് സോഫ്റ്റ് വെയറാണ് ഓരോ ബൂത്തിലേക്കുമുള്ള വോട്ടിങ് മെഷീന്‍, ബാലറ്റ് യൂണിറ്റ്, വി.വി.പാറ്റ് യൂണിറ്റ് എന്നിവ തിരഞ്ഞെടുക്കുക. ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലെയും ബൂത്തുകളിലേക്കുള്ള റാന്‍ഡമൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയിലെ 2643 പോളിങ് സ്റ്റേഷനുകള്‍ക്കായി 3303 വീതം കണ്‍ട്രോള്‍-ബാലറ്റ് യൂണിറ്റുകളും 3515 വി-വിപാറ്റ് മെഷീനുകളുമാണ് വരണാധികാരികള്‍ക്ക് നല്‍കിയിട്ടുള്ളത്.

അരൂർ, ചേർത്തല, ആലപ്പുഴ നിയമസഭ മണ്ഡലം പൊതു നിരീക്ഷകന്‍ ധരംവീർ സിങ്, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളുടെ നിരീക്ഷകന്‍ ഡോ. ജെ. ഗണേഷ്, ഹരിപ്പാട്, കായംകുളം നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നരേന്ദ്രകുമാർ ഡഗ്ഗ, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡ‍ലങ്ങളുടെ ചുമതലയുള്ള ചന്ദ്രശേഖർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രണ്ടാം റാന്‍ഡമൈസേഷന്‍. ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, വിവിധ മണ്ഡലങ്ങളുടെ വരണാധികാരികള്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജെ.മോബി എന്നിവര്‍ റാന്‍ഡമൈസേഷന് നേതൃത്വം നല്‍കി. തിരഞ്ഞെടുപ്പ് ജില്ല പ്രോഗ്രാമര്‍ ആര്‍.വൈശാഖ് റാന്‍ഡമൈസേഷന്റെ സാങ്കേതിക സഹായം നിര്‍വഹിച്ചു.