പാലക്കാട്: സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി നെന്മാറ നിയോജക മണ്ഡലത്തിലെ നെല്ലിയാമ്പതി ആനമട നിവാസികള്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്തി. സ്വീപ് നോഡല്‍ ഓഫീസറും നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസറുമായ എം. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ജീപ്പില്‍ ഇ.വി.എമ്മും വിവിപാറ്റും മാത്രം കൊണ്ടുപോയി വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയത് നെല്ലിയാമ്പതി ആനമട പോളിംഗ് ബൂത്തിലാണ്. പ്രദേശവാസികള്‍ക്ക് വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായാണ് സ്വീപ് സംഘം ആനമടയിലെത്തിയത്.
