കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ളത് 6986 സര്‍വീസ് വോട്ടര്‍മാര്‍. 6730 പുരുഷ വോട്ടര്‍മാരും 256 സ്ത്രീ വോട്ടര്‍മാരുമാണ് ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) സംവിധാനം വഴി വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തത്. പയ്യന്നൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ വോട്ടര്‍മാര്‍. 1041 പേര്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തു. കൂത്തുപറമ്പ് മണ്ഡലത്തിലാണ് കുറവ്- 220 പേര്‍. കല്ല്യാശ്ശേരി-669, തളിപ്പറമ്പ്-972, ഇരിക്കൂര്‍-729, അഴീക്കോട്-276, കണ്ണൂര്‍-409, ധര്‍മ്മടം-976, തലശ്ശേരി-294, മട്ടന്നൂര്‍-831, പേരാവൂര്‍-569 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ സര്‍വീസ് വോട്ടര്‍മാരുടെ കണക്ക്.

കേന്ദ്ര സുരക്ഷാ സേനകളിലും വിദേശ സര്‍വീസിലും ജോലി ചെയ്യുന്നവര്‍, സംസ്ഥാനത്തിന് പുറത്ത് സേവനമനുഷ്ഠിക്കുന്ന പോലിസ് സേനയിലുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് സര്‍വീസ് വോട്ടുകള്‍ ചെയ്യാന്‍ അവസരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് ഇടിപിബിഎസ് സംവിധാനം വഴി സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി ലഭിക്കുന്ന ബാലറ്റ് ഉപയോഗിച്ച് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കിയത്.
ഇതിനായി ഒരുക്കിയ പ്രത്യേക വെബ്‌സൈറ്റില്‍ വോട്ടര്‍മാര്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തിരുന്നു. അതത് താലൂക്കിലെ ഇആര്‍ഒമാര്‍ സര്‍വീസ് വോട്ടര്‍മാരുടെ വിവരങ്ങള്‍ പരിശോധിച്ച് പ്രത്യേക ഫോര്‍മാറ്റിലാക്കി സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. തുടര്‍ന്ന് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഇടിപിബിഎസ് സംവിധാനം വഴി ഓരോ വോട്ടറുടെയും ഓണ്‍ലൈനായി ജനറേറ്റ് ചെയ്ത ഇ-ബാലറ്റ് പേപ്പര്‍, ഫോറം 13, തിരിച്ചയക്കേണ്ട കവര്‍ തുടങ്ങിയവ സര്‍വീസ് വോട്ടര്‍ക്ക് അയച്ചു നല്‍കി. ഓരോ സര്‍വീസ് വോട്ടറും അവര്‍ക്ക് ലഭിക്കുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യും. മാര്‍ച്ച് 30ന് രാത്രി 11.59 വരെ മാത്രമേ ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ.

ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അതിലെ ക്യുആര്‍ കോഡിന് കേടുപാടുകള്‍ വരാത്ത രീതിയില്‍ കൃത്യമായി ഒട്ടിച്ച് വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് രാവിലെ എട്ട് മണിക്കകം വരണാധികാരികള്‍ക്ക് ലഭിക്കുംവിധം തപാലില്‍ അയക്കണം. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ബാലറ്റിന്റെ സാധുത ഉറപ്പുവരുത്തിയതിന് ശേഷമാണ് തിരികെ ലഭിക്കുന്ന വോട്ടുകള്‍ പരിഗണിക്കുക.
നേരത്തേ, സര്‍വീസ് ബാലറ്റ് പേപ്പര്‍ അടക്കം ചെയ്ത കവര്‍, വോട്ട് ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍, ഞാന്‍ ഇന്ന ബൂത്തിലെ ഇത്രാം നമ്പര്‍ വോട്ടറാണെന്നു കാണിക്കുന്ന സത്യപ്രസ്താവന, വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ തിരിച്ചയക്കുന്നതിനുള്ള റിട്ടേണിംഗ് ഓഫീസറുടെ അഡ്രസ് പ്രിന്റ് ചെയ്ത സ്റ്റാമ്പൊട്ടിച്ച കവര്‍ എന്നിവ വലിയ കവറിലാക്കി അയക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇ ബാലറ്റ്‌സംവിധാനം നിലവില്‍ വന്നത്.