പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ നടത്തിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) കമ്മീഷനിംഗ് അടൂര്‍, ആറന്മുള, റാന്നി, കോന്നി നിയോജകമണ്ഡലങ്ങളില്‍ പൂര്‍ത്തിയായി. റാന്നി സെന്റ് തോമസ് കോളജ്, തിരുവല്ല മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടന്ന ഇവിഎം കമ്മീഷനിംഗ് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സമയം എന്നിവ സെറ്റ് ചെയ്ത് മെഷീനുകള്‍ പോളിംഗിനായി തയാറാക്കി അവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് ഇവിഎം കമ്മീഷനിംഗ്.

ഓരോ മണ്ഡലത്തിലേക്കുമുള്ള മെഷീനുകള്‍ അതത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കമ്മീഷനിംഗ് നടത്തിയത്. ആവശ്യമായ കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് തുടങ്ങിയവയുടെ കമ്മീഷനിംഗാണ് നടന്നത്. ആറന്മുള മണ്ഡലത്തിലെ മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, റാന്നിയിലെ സെന്റ് തോമസ് കോളജ്, കോന്നിയിലെ എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അടൂരിലെ മണക്കാല തപോവന്‍ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ രണ്ട് ദിനങ്ങളിലായി നടന്ന ഇവിഎം കമ്മീഷനിംഗ് പൂര്‍ത്തിയായി. തിരുവല്ലയില്‍ ഇന്നു(29) കമ്മീഷനിംഗ് പൂര്‍ത്തിയാകും. തിരുവല്ലയില്‍ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് ഇവിഎം കമ്മീഷനിംഗ് നടക്കുന്നത്.

ജില്ലയില്‍ ആകെ 1896 കണ്‍ട്രോള്‍ യൂണിറ്റ്, 1896 ബാലറ്റ് യൂണിറ്റ്, 2037 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്. റാന്നി നിയോജക മണ്ഡലത്തില്‍ 282 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 350 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 376 വിവിപാറ്റ് മെഷീനുകളും ആറന്മുള നിയോജക മണ്ഡലത്തില്‍ 338 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 416 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 450 വിവിപാറ്റ് മെഷീനുകളും കോന്നി നിയോജക മണ്ഡലത്തില്‍ 293 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 364 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 390 വിവിപാറ്റ് മെഷീനുകളും അടൂര്‍ നിയോജക മണ്ഡലത്തില്‍ 306 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 380 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 407 വിവിപാറ്റ് മെഷീനുകളുടെയുമാണ് ഇവിഎം കമ്മീഷനിംഗ് പൂര്‍ത്തിയായത്.

തിരുവല്ല നിയോജക മണ്ഡലത്തില്‍ ഇന്നും(29) ഇവിഎം കമ്മീഷനിംഗ് നടക്കും. 311 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 386 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 414 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തന സജ്ജമായ മെഷീനുകള്‍ അതത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ സ്‌ട്രോംഗ് റൂമുകളില്‍
സീല്‍ ചെയ്ത് എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സൂക്ഷിക്കും.