മലപ്പുറം: ഇരുപതിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം  വോട്ടവകാശം വിനിയോഗിച്ച് ആയിഷ അറബി. ആബ്‌സന്റീ വോട്ടേഴ്‌സിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച പോസ്റ്റല്‍ വോട്ടെടുപ്പിലൂടെ വര്‍ഷങ്ങള്‍ക്കു ശേഷം ജനാധിപത്യ സംവിധാനത്തില്‍ പങ്കാളിയായ ആഹ്ലാദത്തിലാണ് മലപ്പുറം പട്ടര്‍ക്കടവിലെ 98-ാം ബൂത്തിലെ ഈ സമ്മദിദായക.

‘കൊറേ കാലായി വോട്ട് ചെയ്തിട്ട്, ഒരു പാട് സന്തോഷമുണ്ട്’ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ആയിഷ പറഞ്ഞു. എഴുപത്തിയാറാം വയസ്സില്‍ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് ആയിഷ അറബി വോട്ട് രേഖപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളാലും മറ്റു ബുദ്ധിമുട്ടുകളാലും കാലങ്ങളായി വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല.

കുന്നിന്‍ മുകളിലെ വീട്ടില്‍ നിന്നും പുറത്തേക്ക് പോകുക എന്നത് ഇവര്‍ക്ക് ഏറെ പ്രയാസകരമാണ്.ആബ്‌സന്റീ വോട്ടേഴ്‌സിനായി ആരംഭിച്ച പോസ്റ്റല്‍ വോട്ടെടുപ്പിന് ജില്ലയില്‍ ഏറെ സ്വീകാര്യതയുണ്ടെന്നും വര്‍ഷങ്ങളായി വോട്ട് ചെയ്യാതിരുന്ന ഭിന്നശേഷിക്കാരും വയോജനങ്ങളും വളരെ സന്തോഷത്തിലാണെന്നും കളക്ടര്‍ പറഞ്ഞു. അസിസ്റ്റന്റ് കളക്ടര്‍ വിഷ്ണു രാജ്, ജില്ലാ നോഡല്‍ ഓഫീസര്‍ പ്രീതിമേനോന്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ ഷെരീഫ് നടുത്തൊടി തുടങ്ങിയവര്‍ സംബന്ധിച്ചു.