ആലപ്പുഴ: ആരാധനാലയങ്ങളിലെ ഉത്സവം, തിരുനാൾ, പെരുനാൾ പ്രാർഥന യോഗങ്ങൾ മുതലായവ കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്നതിന്റെ ഭാഗമായി ചടങ്ങുകൾ നടക്കുന്ന ക്ഷേത്ര/പള്ളി കോമ്പൗണ്ടുകളിലും മൈതാനങ്ങളിലും പരമാവധി 200 പേർക്ക് മാത്രമേ പ്രവേശനം നൽകുവാൻ പാടുള്ളു. ആചാരത്തിന്റെ ഭാഗമായി നടത്തുന്ന ചടങ്ങുകൾ/  വഴിപാടുകൾ എന്നിവ ആൾക്കൂട്ടം ഒഴിവാക്കി ചടങ്ങുകൾ മാത്രമായി ലളിതമായി നടത്തേണ്ടതാണ്.

ആചാരപരമായി നടത്തുന്ന പരിപാടികൾ, സാംസ്‌കാരിക പരിപാടികൾ, കലാപരിപാടികൾ എന്നിവയ്ക്ക് ഇൻഡോർ പരിപാടികളിൽ പരമാവധി 100 പേരെയും ഔട്ട്‌ഡോർ പരിപാടികളിൽ പരമാവധി 200 പേരെയും മാത്രമേ കാണികളായി അനുവദിക്കുവാൻ പാടുള്ളു. പരിപാടിക്ക് പ്രദേശത്തെ പൊലീസ് അധികാരികളിൽ നിന്നും അനുവാദം വാങ്ങേണ്ടതാണ്. ഉത്സവം, തിരുനാൾ, പെരുനാൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രസാദ വിതരണം, സദ്യ, നേർച്ച ഭക്ഷണ വിതരണം എന്നിവ ഒഴിവാക്കേണ്ടതാണ്.

പ്രദക്ഷിണം/ ഘോഷയാത്ര എന്നിവ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. നാട്ടാന പരിപാലന നിയമ പ്രകാരം വനം വകുപ്പിന്റെ അനുമതിയോടെയും മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലും മാത്രമേ ആനകളെ എഴുന്നള്ളിക്കുവാൻ പാടുള്ളു. ആരാധനാലയത്തിന്റെ മതിൽക്കെട്ടിന് പുറത്ത് ആനയെ എഴുന്നള്ളിക്കുവാൻ പാടുള്ളതല്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ജില്ല കളക്ടര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കി.