എറണാകുളം: ജില്ലയിലെ അവശ്യ സര്‍വീസ് വിഭാഗത്തിനായുള്ള പോസ്റ്റല്‍ വോട്ടിംഗ് പൂര്‍ത്തിയായി. 90.72 ശതമാനം പോളിംഗാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. അവശ്യസര്‍വീസ് വിഭാഗത്തിലുണ്ടായിരുന്ന 2544 വോട്ടര്‍മാരില്‍ 2308 പേര്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ സജ്ജമാക്കിയിരുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്‍റെറുകളില്‍ വോട്ട് രേഖപ്പെടുത്തി.

പുതുതായി തപാല്‍ വോട്ട് അനുവദിച്ച ആബ്സെന്‍റീവ് വോട്ടേഴ്സ് വിഭാഗത്തിന്‍റെ വോട്ടെടുപ്പ് നടപടികള്‍ ബുധനാഴ്ച പൂര്‍ത്തിയാകും. 80 വയസ്സിന് മുകളില്‍ പ്രായമുളളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗബാധിതര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ആബ്സെന്‍റീവ് വോട്ടേഴ്സ് വിഭാഗം. ഈ വിഭാഗത്തില്‍ ഇതുവരെയുള്ള ആകെ പോളിംഗ് 89.77 ശതമാനമാണ്. ജില്ലയില്‍ ഈ വിഭാഗത്തില്‍ 3000 പേര്‍ക്ക്കൂടി മാത്രമാണ് ബാലറ്റ് പേപ്പര്‍ വിതരണം ചെയ്യാനുള്ളത്. ബുധനാഴ്ചയോടെ ഈ വിഭാഗത്തിലെ പോസ്റ്റല്‍ വോട്ടിംഗ് പൂര്‍ത്തിയാകും.

തിരഞ്ഞെടുപ്പ് ചുമതലയുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ തപാൽ വോട്ടിംഗ് നടപടികളും ജില്ലയില്‍ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ വോട്ടിംഗ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. പോസ്റ്റല്‍ വോട്ട് ആവശ്യമുള്ള തിരഞ്ഞെടുപ്പ് ചുമതലയുളള ഉദ്യോഗസ്ഥര്‍ അടുത്ത മാസം നാലാം തീയതിക്കകം അതത് നിയോജക മണ്ഡലങ്ങളുടെ വരണാധികാരികള്‍ക്ക് അപേക്ഷ നല്‍കണം.