കണ്ണൂരിന്റെ ഹൃദയത്തുടിപ്പുകളുമായി സ്വീപ്പിന്റെ തെരഞ്ഞെടുപ്പ് തീം സോങ്ങ് പുറത്തിറങ്ങി. സ്‌നേഹമുള്ളവര്‍ കൂടെയുള്ളതായി തോന്നുമെപ്പോഴും എന്നു തുടങ്ങുന്ന ഗാനം അക്ഷരാര്‍ഥത്തില്‍ കണ്ണൂരിന്റെ പൈതൃകവും പ്രകൃതിഭംഗിയും ഒപ്പിയെടുക്കുന്നതാണ്. വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് 2.59 മിനുട്ട് ദൈര്‍ഘ്യമുള്ള തീം സോങ്ങ് തയ്യാറാക്കിയത്. സ്വീപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തിറയും തറിയും കലാരൂപങ്ങളും നഗര-ഗ്രാമ കാഴ്ചകളും വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നു.

തീം സോങ്ങിന്റെ പ്രകാശനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് ഗാനം എന്നതിലുപരി കണ്ണൂരിലെ ജനങ്ങളുടെ പൊതുസ്വഭാവത്തെ കുറിക്കുന്നതാണ് തീം സോങ്ങെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. സ്‌നേഹമുള്ളവര്‍ കൂടെയുള്ളതായി തോന്നുമെപ്പോഴും എന്നു തുടങ്ങുന്ന ഗാനം കണ്ണൂരിനെക്കുറിച്ചുള്ള വ്യാഖ്യാനമാണ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ജില്ലയില്‍ നടപ്പാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

നിത്യ മാമനാണ് ഗാനം ആലപിച്ചത്. തീം സോങ്ങിന്റെ ആശയം ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റേതാണ്. വി ആര്‍ സന്തോഷിന്റെ വരികള്‍ക്ക് കാവ്യ എസ് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. തീം സോങ്ങിന്റെ സംഗീതം മത്സരാടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തത്. 30 ഓളം പേര്‍ മത്സരരംഗത്തുണ്ടായിരുന്നു. പി ജെ ബേണിയാണ് ഓര്‍ക്കസ്‌ട്രേഷന്‍.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ സ്വീപ് നോഡല്‍ ഓഫീസര്‍ കൂടിയായ അസി. കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ്, ഹുസൂര്‍ ശിരസ്തദാര്‍ പി വി അശോകന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, സ്വീപ് ചാര്‍ജ് ഓഫീസര്‍ സി എം ലതാ ദേവി തുടങ്ങിയവര്‍ പങ്കെടുത്തു.