കണ്ണൂര്‍ :   നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രില്‍ ആറ് ചൊവ്വാഴ്ച സംസ്ഥാന പൊതുഭരണ വകുപ്പ് പൊതു അവധി പ്രഖ്യാപിച്ചു. ഇതു പ്രകാരം എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.  ഇതിനുപുറമെ സ്വകാര്യ മേഖലയിലെ വ്യാപാര- വാണിജ്യ- വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജില്ലാ  തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി  സുഭാഷ് അറിയിച്ചു. ജില്ലയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയുള്ള അവധി നല്‍കണം.

ഇത്തരത്തില്‍ ഒരു ജീവനക്കാരന് അവധി അനുവദിക്കുന്നത് മൂലം സ്ഥാപനത്തിന് അപകടമോ വലിയ നഷ്ടമോ ഉണ്ടാകുന്നുണ്ടെങ്കില്‍ അയാള്‍ക്ക് വോട്ട് ചെയ്ത് തിരിച്ചുവരാന്‍ പ്രത്യേക അനുമതി നല്‍കണം. ജില്ലയ്ക്ക് പുറത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വോട്ടര്‍മാര്‍ക്ക് സ്വന്തം ജില്ലയിലെ പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ടു ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇത് പാലിച്ചില്ലെങ്കില്‍ 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 135ബി വകുപ്പ് പ്രകാരം നടപടി സ്വീകരിക്കും.