കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോളിംഗ് സാമഗ്രികള്‍ ജില്ലയില്‍ വിതരണത്തിനെത്തി. 167 ഓളം ഇനങ്ങള്‍ ഇതിനോടകം ജില്ലാ കേന്ദ്രത്തില്‍ നിന്ന് ബന്ധപ്പെട്ട ആര്‍ഒ, ഇആര്‍ഒ എന്നിവര്‍ക്ക് കൈമാറി. ഇവ ജില്ലയിലെ വിവിധ വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഏപ്രില്‍ അഞ്ചിന് അതത് പോളിംഗ് ബൂത്തുകളിലെത്തിക്കും.
കൊവിഡ് 19 പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള തെരഞ്ഞെടുപ്പായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് പി പി ഇ കിറ്റ്, ഫെയ്സ് ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ്, തുടങ്ങിയ കൊവിഡ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനിലേക്ക് തെര്‍മല്‍ സ്‌കാനറും ലഭ്യമാക്കും. ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുന്നതിന് പുറമെ ഓരോ ബൂത്തിലും അഞ്ച് ലിറ്റര്‍ സാനിറ്റൈസറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് സംബന്ധമായ സാമഗ്രികള്‍ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാരും, ബൂത്തിലേക്കാവശ്യമായ സാമഗ്രികള്‍ അതത് ഇആര്‍ഒ മാരുമാണ് കൈകാര്യം ചെയ്യുക.
ആര്‍ഒ, എആര്‍ഒ, മൈക്രോ ഒബ്സര്‍വര്‍, സോണല്‍ സ്‌ക്വാഡ്, പോസ്റ്റല്‍ ബാലറ്റ് ടീം, പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കുള്ള കൊവിഡ് കിറ്റ്, വോട്ടര്‍മാര്‍ക്കുള്ള സാനിറ്റൈസര്‍, ആബ്സന്റീ വോട്ടര്‍മാര്‍ക്കുള്ള ഫോറം, ആബ്സന്റീ വോട്ടര്‍മാര്‍ക്കുള്ള ഫോറം, സ്റ്റാറ്റിയൂട്ടറി, നോണ്‍ സ്റ്റാറ്റിയൂട്ടറി ഫോറങ്ങള്‍, എക്സ്പെന്റീച്ചര്‍ ഫോറവും രജിസ്റ്ററുകളും, കൈപ്പുസ്തകങ്ങള്‍, സീലുകള്‍, ടാഗുകള്‍, തെരഞ്ഞെടുപ്പ് പോസ്റ്ററുകളും ബ്രോഷറുകളും, വോട്ടേഴ്സ് സ്ലിപ്, കവറുകള്‍ തുടങ്ങിയവ ബന്ധപ്പെട്ടവര്‍ക്ക് നേരത്തെ എത്തിച്ചിരുന്നു. പെന്‍സില്‍, സ്റ്റാമ്പ് പാഡ്, പേന, പേപ്പര്‍ പിന്‍, പശ, തീപ്പെട്ടി, ബ്ലേഡ്, വെളുത്ത നൂല്‍, കോട്ടണ്‍, മഷി, മെഴുകുതിരി, റബ്ബര്‍ ബാന്‍ഡ്, സെല്ലോ ടാപ്പ്, മോക് പോളിനുള്ള എന്‍വലപ്പുകള്‍, മെറ്റല്‍ റൂളര്‍ തുടങ്ങിയവയാണ് മറ്റ് സാമഗ്രികള്‍.
തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി താലൂക്കുകളിലായി 3137 ബൂത്തുകളാണുള്ളത്. പയ്യന്നൂര്‍-268, തളിപ്പറമ്പ്-318, ഇരിക്കൂര്‍-298, കല്ല്യാശ്ശേരി-282, അഴിക്കോട്-279, കണ്ണൂര്‍-262, ധര്‍മ്മടം-298, തലശ്ശേരി-263, കൂത്തുപറമ്പ്-298, മട്ടന്നൂര്‍-295, പേരാവൂര്‍-276 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള ആകെ ബൂത്തുകളുടെ എണ്ണം.
കണ്ണൂര്‍, കോട്ടയം, ഷൊര്‍ണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഗവ. പ്രസ്സുകളില്‍ നിന്നാണ് പ്രിന്റ് ചെയ്ത തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൊണ്ടുവരുന്നത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് കൊവിഡ് കിറ്റുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ ജില്ലാ കേന്ദ്രത്തിലേക്ക് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ എത്തിത്തുടങ്ങിയിരുന്നു.
തെരഞ്ഞെടുപ്പ് സാധന സാമഗ്രികളുടെ നോഡല്‍ ഓഫീസറും ഡിഡിപിയുമായ ഷാജി ജോസഫ് ചെറുകാരക്കുന്നേലിന്റെ നേതൃത്വത്തില്‍ 15 അംഗ ടീം ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പോളിംഗ് ദിവസത്തേക്കുള്ള ഏതാനും കവറുകള്‍ ഉള്‍പ്പെടെ നാമമാത്രമായ സാമഗ്രികളാണ് ഇനി എത്താന്‍ ബാക്കയുള്ളത്. ഏപ്രില്‍ രണ്ടോടുകൂടി അവയും ജില്ലയിലെത്തും.