കാസർഗോഡ്: 1957 ലാണ് മഞ്ചേശ്വരം മണ്ഡലം നിലവില്‍ വന്നത്. മഞ്ചേശ്വരം നിയമസഭാമണ്ഡലത്തില്‍ മഞ്ചേശ്വരം, വൊര്‍ക്കാടി, മീഞ്ച, മംഗല്‍പാടി, പൈവളിഗെ, കുമ്പള, പുത്തിഗെ, എന്‍മകജെ ഗ്രാമപഞ്ചായത്തുകളാണ് ഉള്‍പ്പെടുന്നത്. കുഞ്ചത്തൂര്‍, ഹൊസബെട്ടു, വൊര്‍ക്കാടി, കൊടലമൊഗരു, കടമ്പാര്‍, മീഞ്ച, ഉപ്പള, ഇച്ചിലങ്കോട്, പൈവളിഗെ, കയ്യാര്‍, ബായാര്‍, ബംബ്രാണ, കോയിപ്പാടി, ബാഡൂര്‍, എടനാട്, എന്‍മകജെ, ഷേണി, പഡ്രെ എന്നീ വില്ലേജുകളിലായി 205 ബൂത്തുകള്‍ ഉള്‍പ്പെടുന്നതാണ് മഞ്ചേശ്വരം നിയമസഭാമണ്ഡലം. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 167 ബൂത്തുകളിലായി 107219 പേര്‍ വോട്ട് രേഖപ്പെടുത്തി. 69.44 ശതമാനമായിരുന്നു പോളിംഗ്.

2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 148 ബൂത്തുകളിലായി 110593 വോട്ടര്‍മാര്‍ വോട്ട് ചെയ്തു. 71.71 ശതമാനം പോളിംഗ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.14 ശതമാനം പേരാണ് മണ്ഡലത്തില്‍ വോട്ട രേഖപ്പെടുത്തിയത്. 160 ബൂത്തുകളിലായി 132847 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 88739പുരുഷന്മാരും 88062 സ്ത്രീകളും ഉള്‍പ്പെടെ 176801 വോട്ടര്‍മാരാണ് 2011 ല്‍ മണ്ഡലത്തില്‍ ആകെയുണ്ടായിരുന്നത്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 76.19 ശതമാനമായിരുന്നു മഞ്ചേശ്വരം മണ്ഡലത്തിലെ പോളിങ്. 103404 പുരുഷന്മാരും 104741 സ്ത്രീകളുമുള്‍പ്പെടെ 208145 വോട്ടര്‍മാരായിരുന്നു 2016 ല്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 74815 പുരുഷന്മാരും 83769 സ്ത്രീകളുമുള്‍പ്പെടെ ആകെ 158584 ആളുകളാണ് വോട്ടു ചെയ്തത്.