മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡിതര രോഗങ്ങള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഭൂരിപക്ഷം കോവിഡിതര ഒ.പികളും ഏപ്രില്‍ അഞ്ച് മുതല്‍ കൂടുതല്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. നിലവിലെ റഫറല്‍ ഒ.പി സംവിധാനം തുടരും. ആശുപത്രിയില്‍ കോവിഡിതര രോഗികള്‍ക്ക് കൂടുതല്‍ കിടത്തി ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. നിലവില്‍ 450 കിടക്കകള്‍ കോവിഡിതര രോഗികള്‍ക്കും 92 കിടക്കകള്‍ കോവിഡ് രോഗികള്‍ക്കും ഒരുക്കിയിട്ടുണ്ട്.
ഒ.പി വിഭാഗത്തില്‍ ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, റെസ്പിറേറ്ററി മെഡിസിന്‍, ഡെര്‍മറ്റോളജി, സൈക്യാട്രി, ഒഫ്ത്താല്‍മോളജി, ഡെന്റല്‍ എന്നീ വിഭാഗങ്ങള്‍ തിങ്കള്‍ മുതല്‍ ശനി വരെ ആഴ്ചയില്‍ ആറു ദിവസവും പ്രവര്‍ത്തിക്കും. ഇ.എന്‍.ടി, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് വിഭാഗങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസമായി തന്നെ തുടരും. ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ ഒ.പി ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലും കാര്‍ഡിയോളജി, ഓങ്കോളജി വിഭാഗങ്ങള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും ഉണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടേണ്ടതിനാല്‍ വിവിധ വിഭാഗം ഒ.പികളില്‍ പരിശോധിക്കുന്ന രോഗികളുടെ എണ്ണത്തിലുള്ള നിലവിലെ നിയന്ത്രണം തുടരും. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ 90 ഉം ജനറല്‍ സര്‍ജറി, പീഡിയാട്രിക്‌സ്, ഒബി.ജി, ഓര്‍ത്തോപീഡീക്‌സ്, ഡെര്‍മറ്റോളജി, ഒഫ്താല്‍മോളജി, ഇ.എന്‍.ടി, ഡെന്റ്ല്‍, പി.എം. ആര്‍, കാര്‍ഡിയോളജി വിഭാഗങ്ങളില്‍ 60 ഉം, റെസ്പിറേറ്ററി മെഡിസിന്‍, സൈക്യാട്രി, ഓങ്കോളജി, വിഭാഗങ്ങളില്‍ 30 ഉം വീതം രോഗികളെ ഒ.പിയില്‍ പരിശോധിക്കും.