ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് അതാത് നിയമസഭാ മണ്ഡലങ്ങളിൽ വരണാധികാരികൾ ഒരുക്കിയിട്ടുള്ള വോട്ടർ ഫെസിലിറ്റേഷൻ സെൻററുകളിൽ ഏപ്രിൽ ഒന്നു മുതൽ വോട്ട് ചെയ്യാൻ അവസരം.
പോസ്റ്റൽ വോട്ടിന് ഇതുവരെ അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഇത് ഉപയോഗപ്പെടുത്താം. ഫോം 12, ഡ്യൂട്ടി ഓര്‍ഡര്‍ എന്നിവയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖയുമായി എത്തിയാല്‍ പോസ്റ്റല്‍ വോട്ട് ചെയ്യാം. ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് വോട്ടര്‍ ഫെസിലിറ്റേഷൻ സെൻററുകളിൽ പോസ്റ്റൽ വോട്ടിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തുക. ഫോം 12 നൽകുന്ന ജില്ലയിൽ നിന്നുള്ള ജീവനക്കാർക്കാണ് ഇത്തരത്തില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാൻ അവസരം ലഭിക്കുക. ഫോം 13 സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഉദ്യോഗസ്ഥന്റെ സാന്നിധ്യവും ഈ വോട്ട് ഫെസിലിറ്റേഷൻ സെൻററുകളില്‍ ഉണ്ടാവും. ജില്ലയ്ക്ക് പുറത്തുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് പോസ്റ്റലായി അയച്ചു നല്‍കുന്നതാണ്. പോസ്റ്റല്‍ ഫെസിലിറ്റേഷൻ്‍ സെന്ററുകളില്‍ രാവിലെ 9 മണി മുതൽ 5 മണി വരെ പോസ്റ്റല്‍ വോട്ടെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

അരൂർ മണ്ഡലത്തിൽ തുറവൂർ പുത്തൻചന്ത എൽ പി സ്കൂളിലും ചേർത്തല മണ്ഡലത്തിൽ മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലും ആലപ്പുഴ മണ്ഡലത്തിൽ സബ് കളക്ടറുടെ ഓഫീസിലും അമ്പലപ്പുഴ മണ്ഡലത്തിൽ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസിലും കുട്ടനാട് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലും ഹരിപ്പാട് ഹരിപ്പാട് ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസിലും കായംകുളത്ത് കായംകുളം എംഎസ്എം കോളേജിലും മാവേലിക്കരയില്‍ മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹൈസ്കൂളിലും ചെങ്ങന്നൂരിൽ പുലിയൂർ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസിലുമാണ് പോസ്റ്റല്‍ ഫെസിലിറ്റേഷൻ സെൻററുകള്‍ മൂന്നുദിവസം പ്രവര്‍ത്തിക്കുക.