*പോസ്റ്റല്‍ വോട്ടിങ്ങിനായി 14 വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരില്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഇന്നു (ഏപ്രില്‍ 01) മുതല്‍ അവരവര്‍ക്ക് വോട്ടുളള മണ്ഡലങ്ങളിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഏപ്രില്‍ മൂന്നു വരെയാണ് ഇതിനുള്ള സൗകര്യം. ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും കളക്ടര്‍ അറിയിച്ചു.
വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ പോസ്റ്റല്‍ വോട്ട് ചെയ്യാം. സമ്മതിദായകര്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ (EPIC Card) തെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡോ നിര്‍ബന്ധമായും കൈയില്‍ കരുതണം.
പോസ്റ്റല്‍ ബാലറ്റിനൊപ്പമുളള ഡിക്ലറേഷന്‍ സാക്ഷ്യപ്പെടുത്തുന്നതിനായി ഗസറ്റഡ് ഓഫിസറുടെ സേവനം സെന്ററില്‍ ഏര്‍പ്പെടുത്തും. വോട്ടെടുപ്പ് നടപടികള്‍ക്കായി രണ്ടു പോളിങ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. വോട്ടിങ് പ്രക്രിയ വിഡിയോയില്‍ പകര്‍ത്തും. സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കും വോട്ടിങ് പ്രക്രിയ നിരീക്ഷിക്കാമെന്നും കളക്ടര്‍ അറിയിച്ചു.  വോട്ടിങ് പൂര്‍ത്തിയായ ശേഷം ഓരോ ദിവസവും സ്ഥാനാര്‍ത്ഥിയുടെയോ ഏജന്റിന്റെയോ സാന്നിദ്ധ്യത്തില്‍ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകള്‍ അടങ്ങുന്ന സീല്‍ ചെയ്ത പെട്ടി റിട്ടേണിങ് ഓഫിസര്‍ ഇതിനായി സജീകരിച്ചിരിക്കുന്ന സ്‌ട്രോങ് റൂമില്‍ പോലീസ് സുരക്ഷയില്‍ സൂക്ഷിക്കും.
ജില്ലയിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ഇവ:
(നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍)
വര്‍ക്കല  –  എന്‍.എം.എസ്. എല്‍.പി.എസ്. പുത്തന്‍ചന്ത, വര്‍ക്കല
ആറ്റിങ്ങല്‍  –  ഗവ. മോഡല്‍ എച്ച്.എസ്.എസ്. ആറ്റിങ്ങല്‍
ചിറയിന്‍കീഴ്  –  ഗവ. എല്‍.പി. സ്‌കൂള്‍, കോരാണി
നെടുമങ്ങാട്  –  ടൗണ്‍ എല്‍.പി.എസ്, ബസ് സ്റ്റാന്‍ഡിനു സമീപം
നെടുമങ്ങാട്
വാമനപുരം  –  ഗവ. എച്ച്.എസ്.എസ്. വെഞ്ഞാറമൂട്
കഴക്കൂട്ടം  –  ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസ്,
കഴക്കൂട്ടം(പോത്തന്‍കോട്)
വട്ടിയൂര്‍ക്കാവ്  –  സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ, കിഫ്ബി നം.1,
  എല്‍.ആര്‍.എം. ക്യാംപ് ഓഫിസ് (കവടിയാര്‍ വില്ലേജ്
ഓഫിസിന് എതിര്‍വശം)
തിരുവനന്തപുരം  –  എസ്.എം.വി. ബോയ്‌സ് എച്ച്.എസ്.എസ്. തിരുവനന്തപുരം
നേമം  –  ശ്രീചിത്തിര തിരുനാള്‍ കോളജ് ഓഫ് എന്‍ജിനീയറിങ്
പാപ്പനംകോട്
അരുവിക്കര  –  ഗവ. യു.പി.എസ്. വെള്ളനാട്
പാറശാല  –  എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. ഹാള്‍,
ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, പാറശാല
കാട്ടാക്കട  –  ഗവ. എല്‍.പി.എസ്, കുളത്തുമ്മല്‍, കാട്ടാക്കട
കോവളം  –  ജി.എച്ച്.എസ്. ബാലരാമപുരം
നെയ്യാറ്റിന്‍കര  –  റവന്യൂ റിക്കവറി തഹസില്‍ദാരുടെ കാര്യാലയം,
നെയ്യാറ്റിന്‍കര