കാസർഗോഡ്: ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലായി ആകെ 1591 ബൂത്തുകളാണ് നിയമസഭാ തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയത്. 983 മെയിന്‍ ബൂത്തുകളും 608 ഓക്സിലറി ബൂത്തുകളുമുള്‍പ്പെടെയാണിത്.
നിയമസഭാ തെരഞ്ഞെടുപ്പിനായി, പുതുതായി പേര് ചേര്‍ത്തവര്‍ ഉള്‍പ്പെടെ 2021 മാര്‍ച്ച് 20ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം ആകെ 10,59,967 വോട്ടര്‍മാരാണുള്ളത്. ഇതില്‍ പൊതുവോട്ടര്‍മാരും പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടെ 10,58,337 പേരും 1630 സര്‍വീസ് വോട്ടര്‍മാരുമാണുള്ളത്. ആകെ വോട്ടര്‍മാരില്‍ 518501 പേര് പുരുഷന്മാരും 5,41,460 പേര് സ്ത്രീകളും ആറ് പേര് ഭിന്നലിംഗക്കാരുമാണ്.
1989 വീതം പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍, സെക്കന്‍ഡ് പോളിങ് ഓഫീസര്‍മാര്‍, തേഡ് പോളിങ് ഓഫീസര്‍മാര്‍, 1591 പോളിംഗ് അസിസ്റ്റന്റുമാര്‍, 153 മൈക്രോ ഒബ്സര്‍വര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 9700 ജീവനക്കാരെയാണ് ജില്ലയില്‍ തരെഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി ഇ-പോസ്റ്റിങ് നടത്തിയത്. റിസര്‍വ് ഉള്‍പ്പെടെയാണിത്. ഇതിന് പുറമേ ബൂത്തുകളില്‍ കോവിഡ് 19 പ്രോട്ടോക്കോള്‍ ഉറപ്പാക്കുന്നതിന് അങ്കണവാടി പ്രവര്‍ത്തകരെയും ആശാവര്‍ക്കര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ്/സി.സി.ടി.വി
ജില്ലയിലെ 1591 പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം അല്ലെങ്കില്‍ സി.സി.ടി.വി സംവിധാനം ഏര്‍പ്പെടുത്തും. 738 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ് സംവിധാനവും 853 ബൂത്തുകളില്‍ സി സി ടി വി സംവിധാനവും സജ്ജമാക്കും. 153 ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരും ഉണ്ടാവും. ജില്ലയില്‍ 44 ക്രിട്ടിക്കല്‍ ബൂത്തുകളും 61 വള്‍നറബിള്‍ ബൂത്തുകളുമാണുള്ളത്. കാസര്‍കോട് സിവില്സ്റ്റേഷന് കോമ്പൗണ്ടിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ തയ്യാറാക്കുന്ന കണ്ട്രോള് റൂമില്‍ ജില്ലാ കളക്ടര്‍, പോലീസ് ഒബ്സര്‍വര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ ജില്ലയിലെ ബൂത്തുകളിലെ സ്ഥിതിഗതികള്‍ തല്‍സമയം നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കും. കണ്ട്രോള് റൂമില്‍ 82 വെബ് വ്യൂയിംഗ് ടീം, 12ഓളം സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ ഉണ്ടാവും. റിസര്‍വ് ഇ.വി.എം ബൂത്തുകളിലേക്ക് കൊണ്ടുപോവുന്ന സെക്ടറല്‍ ഓഫീസര്‍മാരെ നിരീക്ഷണത്തിലാക്കാന്‍ എല്‍ ട്രേസസ് (ഇലക്ഷന് ട്രാക്കിംഗ് ഇനേബിള്‍ഡ് സിസ്റ്റം) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കും.
സുരക്ഷയ്ക്ക് പോലീസും കേന്ദ്രസേനയും
ജില്ലയില്‍ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 3542 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 711 സി.ആര്.പി.എഫ് അംഗങ്ങളും ഉണ്ടാവും. 1000 സ്പെഷല്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയെ എട്ട് സബ് ഡിവിഷനുകളായി തിരിച്ച് ഓരോ സബ് ഡിവിഷന്റെയും ചുമതല ഓരോ ഡി വൈ എസ് പി മാര്‍ക്ക് നല്‍കിയിട്ടുണ്ട്. എട്ട് മുതല്‍ 10 വരെയുള്ള ബൂത്തുകള്‍ക്ക് സുരക്ഷയേര്‍പ്പെടുത്തുന്ന തരത്തില്‍ 70 സംഘം പട്രോളിങ് ഗ്രൂപ്പുകള്‍ ഉണ്ടാകും. ഇതിന് പുറമേ വള്‍നറബിള്‍ ബൂത്തുകളില്‍ പ്രത്യേകം പട്രോളിങ് സംഘവുമുണ്ട്. 10 കമ്പനി കേന്ദ്ര സേനയാണ് ജില്ലയില്‍ വിന്യസിച്ചിട്ടുള്ളത്.
കൊട്ടിക്കലാശം പാടില്ല
വോട്ടെടുപ്പ് തീരുന്നതിന് 48 മണിക്കൂര്‍ മുമ്പ് വരെ പരസ്യ പ്രചാരണത്തിന് അനുമതിയുണ്ടെങ്കിലും ഇത്തവണ കൊട്ടിക്കലാശത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യം പരിഗണിച്ച് കൊട്ടിക്കലാശം നിരോധിക്കണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അംഗീകരിച്ചതോടെയാണിത്.
അതിര്‍ത്തികളില്‍ ശക്തമായ പരിശോധന
ജില്ലയുടെ 20 അതിര്‍ത്തി കേന്ദ്രങ്ങളില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, പോലീസ് സേന എന്നിവര്‍ ശക്തമായ പരിശോധന നടത്തുന്നു. 23,40,000 രൂപ പണമായി പിടിച്ചെടുത്തു. 28 ലിറ്റര്‍ മദ്യം, 140 കിലോഗ്രാം കഞ്ചാവ്, 218 ഗ്രാം എം.ഡി.എം.എ എന്നിവ പിടിച്ചെടുത്തു.
പണം, ഉപഹാരം, മദ്യം വിതരണം പാടില്ല
ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ കോളനികളില്‍ വോട്ടെടുപ്പിനെ സ്വാധീനിക്കാനായി മദ്യം, പണം, ഉപഹാരം എന്നിവ വിതരണം ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി ശനിയാഴ്ച വൈകീട്ട് അഞ്ച് മണി മുതല്‍ എസ്.സി, എസ്.ടി പ്രൊമോട്ടര്‍മാര്‍, സെക്ടറല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ രംഗത്തിറങ്ങും. സെക്ടറല്‍ ഓഫീസര്‍മാര്‍ ജില്ലാ കളക്ടറുടെ നിരീക്ഷണത്തിലായിരിക്കും.