എറണാകുളം: പോളിംഗ് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം മാര്‍ച്ച് 5 തിങ്കളാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. പോളിംഗ് സാമഗ്രികള്‍ കളക്ട്രേറ്റിലെ സംഭരണ കേന്ദ്രത്തില്‍ നിന്ന് അതാത് താലൂക്കുകളിലെത്തിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലെയും ഇആര്‍ഒമാരായ തഹസില്‍ദാര്‍മാര്‍ക്കാണ് വിതരണച്ചുമതല. അതാത് മണ്ഡലങ്ങളിലെ വരണാധികാരികള്‍ മേല്‍നോട്ടത്തിലാണ് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുക.
താലൂക്കുകളില്‍ നിന്ന് വിവിധ ഫോമുകള്‍, മഷി, കവറുകള്‍ അടക്കമുള്ള പോളിംഗ് സാമഗ്രികള്‍ അതാത് മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളിലെത്തിക്കും. മണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളും വിതരണ കേന്ദ്രത്തില്‍ നിന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. കോവിഡ് പ്രതിരോധത്തിനുള്ള മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, സാനിറ്റൈസര്‍, ഗ്ലൗസ് തുടങ്ങിയവയുടെ വിതരണം രണ്ട് വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വിതരണ കേന്ദ്രങ്ങളിലേക്കുള്ളവ താലൂക്കുകളില്‍ നിന്ന് വിതരണം ചെയ്യും.
പോളിംഗ് ബൂത്തുകളിലേക്കുള്ളവ പ്രത്യേക കിറ്റുകളാക്കി പോളിംഗ് സാമഗ്രികള്‍ക്കൊപ്പം വിതരണം ചെയ്യും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന പട്ടിക പ്രകാരമുള്ള സാമഗ്രികള്‍ കൈപ്പറ്റും. പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങുന്ന ഉദ്യോഗസ്ഥര്‍ റൂട്ട് ഓഫീസറുടെ നേതൃത്വത്തില്‍ അതാത് ബൂത്തുകളിലെത്തും. പ്രിസൈഡിംഗ് ഓഫീസറും മൂന്ന് പോളിംഗ് ഉദ്യോഗസ്ഥരുമടക്കം നാല് പേരടങ്ങുന്ന പോളിംഗ് സംഘമാണ് ഓരോ ബൂത്തുകളിലേക്കും നിയോഗിക്കപ്പെട്ടിരിക്കുന്നത്.
പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങുന്ന ഉദ്യോഗസ്ഥര്‍ പ്രത്യേക വാഹനത്തില്‍ കര്‍ശന സുരക്ഷയോടെയാണ് ബൂത്തുകളിലെത്തുക. പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥരുടെ ഓരോ നീക്കങ്ങളും പ്രത്യേക ആപ്ലിക്കേഷന്‍ വഴി കളക്ട്രേറ്റിലെ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിരീക്ഷിക്കും. ബൂത്തിലെത്തി ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 6 ന് രാവിലെ 5.30 ന് മോക്ക് പോള്‍ നടത്തും. തുടര്‍ന്ന് 7 ന് വോട്ടെടുപ്പ് ആരംഭിക്കും.
ജില്ലയില്‍ ആകെ 3899 പോളിംഗ് ബൂത്തുകളാണുള്ളത്. ജില്ലയില്‍ ആകെ 2649340 വോട്ടര്‍മാരാണുളളത്. ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലാകെ 2649340 വോട്ടര്‍മാര്‍. 1295142 പുരുഷ വോട്ടര്‍മാരും 1354171 വനിതാ വോട്ടര്‍മാരും 27 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഇതില്‍ ഉള്‍പ്പെടും. 93,359 വോട്ടര്‍മാരെ പുതിയതായി വോട്ടര്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ത്തു. 1951 വോട്ടര്‍മാരെ ഒഴിവാക്കി. എന്‍.ആര്‍.ഐ. വിഭാഗക്കാരായ 18 പേരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി.
*ജില്ലയിലെ ഓരോ മണ്ഡലത്തിന്റെയും സ്‌ട്രോങ്ങ് റൂമുകള്‍/വിതരണ കേന്ദ്രങ്ങള്‍*
പെരുമ്പാവൂര്‍ – ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെരുമ്പാവൂര്‍.
കളമശ്ശേരി- പുല്ലംകുളം ശ്രീ നാരായണ എച്ച് എസ്, നോര്‍ത്ത് പറവൂര്‍
പറവൂര്‍ – ഗവ.ബോയ്‌സ് എച്ച്.എസ്.എസ്, നോര്‍ത്ത് പറവൂര്‍.
ആലുവ -അങ്കമാലി- യു.സി. കോളേജ് ,ആലുവ
വൈപ്പിന്‍ – കൊച്ചിന്‍ കോളേജ് അനക്‌സ്.
കൊച്ചി- ടി.ഡി.എച്ച്.എസ് മട്ടാഞ്ചേരി
തൃപ്പൂണിത്തുറ – മഹാരാജാസ് കോളേജ്, എറണാകുളം
എറണാകുളം- ഗവ.ഗേള്‍സ് എച്ച്എസ്എസ്, എറണാകുളം,
തൃക്കാക്കര – ഭാരത് മാത കോളേജ്, തൃക്കാക്കര
കുന്നത്തുനാട് – ആശ്രമം എച്ച്.എസ്.എസ്, പെരുമ്പാവൂര്‍
മുവാറ്റുപുഴ – നിര്‍മ്മല എച്ച്.എസ്.എസ്, മുവാറ്റുപുഴ.
പിറവം – നിര്‍മല പബ്ലിക് സ്‌കൂള്‍ മുവാറ്റുപുഴ,
കോതമംഗലം – എം എ കോളേജ്, കോതമംഗലം.