കാസർഗോഡ്: ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനായി രാവിലെ എട്ട് മുതല്‍ 9.30 വരെ, 9.30 മുതല്‍ 11 മണി വരെ, 11 മണി മുതല്‍ 12.30 വരെ എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് വിതരണം.

പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ മാത്രമേ കൗണ്ടറില്‍ പ്രവേശിക്കേണ്ടതുള്ളൂ. മറ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ അനുവദിച്ച വാഹനത്തില്‍ തന്നെ ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കൗണ്ടര്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, റൂട്ട് ഓഫീസര്‍മാര്‍, സെക്ടറല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് വിതരണകേന്ദ്രത്തില്‍ പ്രവേശനം ഉണ്ടാകും. അതത് റൂട്ട് ഓഫീസര്‍, കൗണ്ടര്‍ അസിസ്റ്റന്റ് എന്നിവരായിക്കും പോളിംഗ് സാധനസാമഗ്രികള്‍ അടങ്ങിയ ബാഗുകള്‍ വാഹനത്തില്‍ എത്തിക്കുന്നത്. ഇലക്ടോണിക് വോട്ടിംഗ് യന്ത്രം, പേപ്പര്‍ സീല്‍, സീലുകള്‍, മറ്റു സാമഗ്രികള്‍ എന്നിവ പ്രിസൈഡിംഗ് ഓഫീസര്‍/ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരാണ് നിശ്ചയിച്ച കൗണ്ടറില്‍ നിന്നും സ്വീകരിക്കേണ്ടത്. റിസര്‍വിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വിതരണ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടാകും. അവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഭാഗത്ത് ഇരിക്കാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.