മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പിന്റെയും ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാകലക്ടറും ജില്ലാവരണാധികാരിയുമായ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് ജില്ലാവരണാധികാരി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന യോഗത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ബൂത്തുകള്‍ അണുവിമുക്തമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
വോട്ടിങ് യന്ത്രത്തിലെ അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദഗ്ധരുടെ സഹായം ഉറപ്പാക്കും. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ കൈമാറണമെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ വരണാധികാരി പറഞ്ഞു. യോഗത്തില്‍ സബ് കലക്ടര്‍ കെ.എസ് അഞ്ജു, എ.ഡി.എം ഡോ. എം.സി റജില്‍, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) സി. ബിജു, ഡെപ്യൂട്ടി കലക്ടര്‍ ഡോ.ജെ.ഒ അരുണ്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ എയര്‍പോര്‍ട്ട്) സി.കബനി, ഹുസൂര്‍ ശിരസ്തദാര്‍ സി. ദേവകി, വിവിധ മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസര്‍മാര്‍, നോഡല്‍ ാേഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.